ഒരു യുദ്ധത്തിന്റെ ആരംഭവും അമേരിക്കയുടെ സമ്പൂര്‍ണ തകര്‍ച്ചയും
ലോകത്തെ ഞെട്ടിച്ച അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഇരുപതു വര്‍ഷം തികയുന്നു. പിന്നീട് ലോകം അമേരിക്കയുടെ നിരവധി ഭീകര വിരുദ്ധ യുദ്ധങ്ങള്‍ കണ്ടു. ജോര്‍ജ്ജ് ബുഷ് തുടങ്ങി, ഒബാമ മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ അഫ്ഗനിസ്ഥാനില്‍ അമേരിക്ക തോറ്റു മടങ്ങിയ ഭീകര യുദ്ധങ്ങളുടെ രക്ത പങ്കിലമായ രണ്ട് പതിറ്റാണ്ടുകളായിരുന്നു കടന്ന് പോയത്. ഇതിനിടയില്‍ ലക്ഷ്യം നേടാനാവാതെ അമേരിക്കയ്ക്ക് അഫാഗാനിസ്ഥാനിലെഅധിനിവേശം അവസാനിപ്പിക്കേണ്ടിയും വന്നു.
അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം തിടുക്കപ്പെട്ട് ഭീകര വാദികളെ പിടിക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത് അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷായിരുന്നു. ഭീകര സംഘടനകളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരുകള്‍ക്കുമെതിരായ യുദ്ധമെന്നാണ് ജോര്‍ജ്ജ് ബുഷ് ഭീകരതയ്‌ക്തെതിരായ യുദ്ധത്തെ നിര്‍വചിച്ചത്. അഫ്ഗാനിസ്താനിലും ഇറാഖിലും ലിബിയയിലും സിറിയയിലും യമനിലും അങ്ങനെ നിരവധി സ്ഥലങ്ങളില്‍ പിന്നീട് യുദ്ധങ്ങള്‍ നടന്നു. പലതും വ്യാജമായ പ്രതീതികള്‍ സൃഷ്ടിച്ചുകൊണ്ട് അമേരിക്ക നടത്തിയ അധിനിവേശങ്ങളാണെന്ന് പിന്നീട് തെളിഞ്ഞു. ഇറാഖില്‍ വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അധിനിവേശം. അത് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ തന്നെ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. തെറ്റായി കാര്യങ്ങള്‍ പറഞ്ഞെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ തന്നെ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ എന്ന് പറഞ്ഞ് അമേരിക്ക നടത്തിയ യുദ്ധങ്ങള്‍ ലോകത്തെ പല രാജ്യങ്ങളെയും നിത്യമായ ദുരിതത്തിലേക്ക് തള്ളി യിടുകയും ചെയ്തു.
ഈ വര്‍ഷം അന്തരാഷ്ട്ര ഗവേഷണ സഥാപനമായ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് പബ്ലീക്ക് അഫേയേസ് നടത്തിയ പഠന പ്രകാരം ഭീകരതയക്കെതിരായ യുദ്ധത്തില്‍ 9,29,000 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാാക്കിയത്. ഇതിനകം എട്ട് ലക്ഷം ട്രില്ല്യണ്‍ ഡോളര്‍ ആണ് ഇതിനായി ചിലവിട്ടത്. 15000 യു എസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും കണക്കാക്കുന്നു.
ഇത്രയും പണം ചെലവിട്ട് നടത്തിയ യുദ്ധത്തിന്റെ പരിതാപകരമായ പരിണിതിയാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടത്. രണ്ട് പതിറ്റാണ്ട് മുമ്പ് ആരെ ഇല്ലാതാക്കാനാണോ അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയത്, അവരുമായി ചര്‍ച്ച നടത്തി, ഒടുവില്‍ പിന്‍മാറേണ്ട അവസ്ഥയാണ് ഉണ്ടായത്. ഇതോടെ അമേരിക്കന്‍ ആധിപത്യത്തിലുള്ള ലോക ക്രമം തന്നെ ഇല്ലാതായി എന്ന വാദവും ചില രാഷ്ട്ര മീമാംസകര്‍ ഉന്നയിക്കുന്നു. End of American Empire എന്ന് അവരിതിനെ വിളിക്കുന്നു, രണ്ടാം ലോകയുദ്ധത്തിന് ശേഷം ബ്രീട്ടന്റെ ആധിപത്യം അവസാനിച്ചതുപോലെ അമേരിക്കയുടെ കാലവും കഴിഞ്ഞെന്നതിന്റെ തെളിവാണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതെന്ന് ഇവര്‍ കരുതുന്നു.
എന്താണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നേടിയത് ?
1975 ല്‍ വിയറ്റ്‌നാമില്‍ കമ്മ്യൂണിസ്റ്റ് പോരാളികളില്‍ നിന്നേറ്റ പരാജയത്തെ അനുസ്മരിപ്പിക്കുന്നതാണ് അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതെന്ന് കരുതുന്നവര്‍ ഏറെയാണ്. അമേരിക്കയുടെ അവസാനത്തെ സൈനികന്‍ കാബുള്‍ വിടുന്നതിന് മുമ്പ് തന്നെ ആരെയില്ലാതാക്കാനാണോ ബുഷ് സൈന്യത്തെ അയച്ചത് അവര്‍ താലിബാന്‍- വീണ്ടും അധികാരം പിടിച്ചെടുത്തു കഴിഞ്ഞിരുന്നു.
അമേരിക്കയുടെ അധിനിവേശത്തിന് ശേഷം ലോകത്തെ കറുപ്പ് വ്യാപരത്തിന്റെ 90 ശതമാനവും അഫ്ഗാനിസ്ഥാനില്‍നിന്നായിമാറിയെന്ന് ഒരു പഠനം പറയുന്നത്. മയക്കുമരുന്ന് വ്യാപാരം സുഗമമായത് വഴി ലക്ഷക്കണക്കിന് കോടി രൂപയാണ് അധിനിവേശ സൈന്യത്തില്‍ പെട്ടവരും അഫ്ഗാനിസ്ഥാനിലെ യുദ്ധ പ്രഭുക്കളും ഉണ്ടാക്കിയതെന്നും അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഫലമോ അഫ്ഗാനിസ്ഥാനിലെ പത്തിലൊരാള്‍ എന്ന കണക്കിന് ലഹരി മരുന്നിന് അടിമയായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതുപോലെ ലൈംഗീക വ്യാപാരവും ഇക്കലായളവില്‍ വര്‍ധിച്ചുവെന്നും പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്‍ സ്ത്രീകളുടെ ശത്രക്കുള്‍ താലിബാന്‍ മാത്രമായിരുന്നില്ല, അമേരിക്കന്‍ അധിനിവേശ സൈന്യവും താലിബാനെ എതിര്‍ക്കുന്ന നോര്‍ത്തേണ്‍ അലൈയന്‍സ് എന്ന ഗ്രൂപ്പും കൂടിയായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ സ്വാതന്ത്ര്യവും സമാധാനവുമായിരുന്നില്ല യുദ്ധ വ്യാപാരം തന്നെയായിരുന്നു വാര്‍ ഓണ്‍ ടെററിന്റെ ലക്ഷ്യമെന്നാണ് വിമര്‍ശനം
7,75,000 അമേരിക്കന്‍ സൈനികര്‍ 20 വര്‍ഷം അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിറങ്ങി എന്നാണ് കണക്ക്. അതില്‍ 2448 പേര്‍ കൊല്ലപെട്ടു. 4000 ത്തോളം അമേരിക്കകാരയ സൈനികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും കൊല്ലപ്പെട്ടു. എത്ര അഫ്ഗാനികള്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കുകള്‍ ഇപ്പോഴും ആധികാരികമായി ലഭ്യമല്ല. അഫ്ഗാനിസ്ഥിലെ ചില സംഘടനകള്‍ പറയുന്നത് ഒരു ലക്ഷം പേര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിട്ടുണ്ടാകുമെന്നാണ്.
ആര്‍ക്കായിരുന്നു യുദ്ധം കൊണ്ട് ലാഭം. അങ്ങെനെയും ചിലരുണ്ട്. യുദ്ധം കൊണ്ട് ലാഭമുണ്ടാക്കിയവരും ഉണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
2001 സെപ്റ്റംബര്‍ 18 ന് ( അന്നാണ് അധിനിവേശ യുദ്ധം ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിക്കുന്നത്) അമേരിക്കയിലെ അഞ്ച് പ്രതിരോധ കമ്പനികളില്‍ നിങ്ങള്‍ 10,000 ഡോളര്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ അത് ഇതിനകം 97,295 ഡോളറായി മാറുമായിരുന്നുവെന്നാണ് ഓഹരി വിപണിയിലെ സൂചികള്‍ പഠിച്ച് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുക മറ്റ് കമ്പനികളുടെ ഓഹരികളിലാണ് നിിക്ഷേപിച്ചിരുന്നുവെങ്കില്‍ കിട്ടുക 61.613 ഡോളര്‍ മാത്രമാണെന്നും ദി ഇന്റര്‍സെപ്റ്റ് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. അതുകൊണ്ട് തന്നെ താലിബാന്‍ വിജയിച്ചെങ്കിലും അമേരിക്കയിലെ ചിലര്‍ക്ക് അധിനിവേശം നേട്ടമുണ്ടാക്കിയെന്നതാണ് യാഥാര്‍ത്ഥ്യം അമേരിക്ക ഭീകരതയ്‌ക്കെതിരെ യുദ്ധം നടത്തിയ ഒരിടത്തും സമാധനം ഉണ്ടായിട്ടില്ല. ഇറാഖ് പോലുള്ള രാജ്യങ്ങള്‍ പൂര്‍ണമായി തകര്‍ക്കപ്പെടുകയും ചെയ്തു. ലിബിയയില്‍ ഇപ്പോഴും കെടുതികള്‍ അവസാനിച്ചിട്ടില്ല. ഐ എസ് അവിടെയും ഇവിടെയുമായി പല രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
Read more
സാമ്രാജ്യത്വ എങ്ങനെയാണ് രാഷ്ട്രങ്ങളെ ഇല്ലാതാക്കുകയും ജനങ്ങളെ നിത്യ ദുരിതത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നതെന്ന വര്‍ത്തമാനകാലത്തില്‍ കാണിച്ചുതന്നത് അമേരിക്കയുടെ ഭീകരതയ്‌ക്കെതിരായ യുദ്ധമാണ്. അമേരിക്കന്‍ അപ്രമാദിത്വത്തിന്റെ അവസാനത്തിന്റെ ആരംഭമെന്നും ഇതിനെ പറയാം.