ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ചുകൊണ്ട് യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച് പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ് തിരുമൂര്‍ത്തി. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് തിരുമൂര്‍ത്തി രക്ഷാസമിതിയില്‍ പറഞ്ഞു.
‘ഉക്രൈനിലെ സമീപകാല സംഭവ വികാസങ്ങളില്‍ ഇന്ത്യ അഗാധമായി അസ്വസ്ഥരാണ്. അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’, അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ജീവന് പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ലെന്ന് തിരുമൂര്‍ത്തി വ്യക്തമാക്കി.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ‘ഉക്രൈനിലെ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിലും സുരക്ഷയിലും ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്’.
In UN Security Council meeting on #Ukraine today, India abstained on the vote on draft resolution.
Our Explanation of Vote ⤵️ pic.twitter.com/w0yQf5h2wr
— PR/Amb T S Tirumurti (@ambtstirumurti) February 25, 2022
സമകാലിക ആഗോള ക്രമം യുഎന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമം, രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ അംഗരാജ്യങ്ങളും ഈ തത്വങ്ങളെ മാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം ചര്‍ച്ചയാണ്. നയതന്ത്രത്തിന്റെ പാത കൈവിട്ടുപോയത് ഖേദകരമാണ്. അതിലേക്ക് മടങ്ങണമെന്നും, ഇക്കാരണങ്ങളാല്‍, ഈ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നതകായും തിരുമൂര്‍ത്തി സമിതിയില്‍ അറിയിച്ചു.
Read more
ഉക്രൈന് റഷ്യ യുദ്ധത്തില്‍ സ്ഥിതിഗതികള്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എല്ലാവരുടേയും സുരക്ഷ താല്പര്യങ്ങള് പൂര്‍ണ്ണമായി കണക്കിലെടുത്ത് പ്രശനങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ആഗോള സമാധാനവും സുരക്ഷയും നിലനിര്‍ത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.