ചൈനയിൽ 600 രൂപയ്ക്ക് കടുവ മൂത്രം വില്പന നടത്തിയ മൃഗശാലക്കെതിരെ നടപടി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യാൻ യാൻ ബിഫെങ്‌സിയ വന്യജീവി മൃഗശാലക്കെതിരെയാണ് നടപടി. മൃഗശാലാ സൂക്ഷിപ്പുകാർക്കെതിരെയാണ് അന്വേഷണം. വാതരോഗത്തിന് കടുവ മൂത്രം ഉത്തമമാണെന്ന് അവകാശപ്പെട്ടായിരുന്നു വില്പന.
മൃഗശാലയിൽ സന്ദർശനം നടത്തിയ ഒരു വ്യക്തിയാണ് സമൂഹ മാധ്യമത്തിലൂടെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. വാതരോഗത്തിന് കടുവ മൂത്രം ഉത്തമമാണെന്ന് അവകാശപ്പെട്ട് മൃഗശാലാ അധികൃതർ തന്നൊയാണ് സൈബീരിയൻ കടുവകളിൽ നിന്ന് ശേഖരിച്ച മൂത്രം വിൽപ്പന നടത്തിയത്. 50 യുവാൻ, അതായത് 600 രൂപയോളം പണം ഈടാക്കിയായിരുന്നു ഈ വില്പന.
ഉളുക്ക്, പേശി വേദന തുടങ്ങിയ വാത രോഗാവസ്ഥകൾക്ക് കടുവയുടെ മൂത്രം ഉത്തമമാണെന്ന് കുപ്പിക്ക് പുറത്ത് മൃഗശാല അധികൃതർ പരസ്യം ചെയ്ത് കൊണ്ടായിരുന്നു വില്പന. വൈറ്റ് വൈനിൽ കടുവ മൂത്രം കലർത്തി ഇഞ്ചി കഷ്ണങ്ങൾ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണന്നും ഇവർ അവകാശപ്പെട്ടു. കൂടാതെ കടുവ മൂത്രം കുടിക്കാമെന്നും അങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നുമുള്ള മുന്നറിയിപ്പും ഒപ്പമുണ്ട്.
മൃഗശാല ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാണെന്നും ചൈനയിലെ പരിഷ്കൃത ടൂറിസത്തിന്‍റെ മാതൃകാ യൂണിറ്റാണെന്നുമാണ് ഓൺലൈൻ അവകാശപ്പെടുന്നത്. എന്നാൽ, കടുവയുടെ മൂത്രം ഒരു പരമ്പരാഗത മരുന്നല്ലെന്നും തെളിയിക്കപ്പെട്ട ഔഷധ ഫലമൊന്നും അതിനില്ലെന്നും മധ്യ ചൈനയിലെ ഹുബെയ് പ്രൊവിൻഷ്യൽ പരമ്പരാഗത ചൈനീസ് മെഡിസിൻ ഹോസ്പിറ്റലിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു ഫാർമസിസ്റ്റ് വ്യക്തമാക്കിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം തങ്ങൾക്ക് കടുവയുടെ മൂത്രം വിൽക്കാനുള്ള ബിസിനസ് ലൈസൻസ് ഉണ്ടെന്നാണ് മൃഗശാല ജീവനക്കാർ അവകാശപ്പെടുന്നത്. പരമ്പരാഗത ചൈനീസ് സംസ്കാരത്തിൽ കടുവകൾ ധീരതയെയും ശക്തിയെയുമാണ് അടയാളപ്പെടുത്തുന്നത്. ചൈനയിൽ വംശനാശഭീഷണി നേരിടുന്ന മൃഗമാണ് കടുവകൾ, അവയെ വേട്ടയാടുന്നവർക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കും.