പിസ ഡെലിവെറിയ്ക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞുപോയി; ഗര്‍ഭിണിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് ഡെലിവെറി ഗേള്‍

ഫുഡ് ഡെലിവെറിയ്‌ക്കെത്തിയ യുവതിയ്ക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞുപോയതിന്റെ പേരില്‍ ഗര്‍ഭിണിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ ബ്രിയാന അല്‍വെലോ എന്ന 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ ഫ്‌ലോറിഡയില്‍ ഇര്‍ലോ ബ്രോണ്‍സണ്‍ മെമ്മോറിയല്‍ ഹൈവേയിലെ റിവിയേര മോട്ടലില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചാണ് പിസ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗര്‍ഭിണിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ടിപ്പ് നല്‍കിയത് കുറഞ്ഞുപോയതിന്റെ പേരില്‍ 14 തവണയാണ് ബ്രിയാന കുത്തിയത്. സംഭവത്തിന് പിന്നാലെ പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗര്‍ഭിണിയാണെന്ന് യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖംമൂടി ധരിച്ച രണ്ടുപേര്‍ മുറിയിലേക്ക് കയറി അതിക്രമിക്കുകയായിരുന്നുവെന്ന് സ്ത്രീ മൊഴി നല്‍കി. ബ്രിയാനയ്‌ക്കൊപ്പമുണ്ടായിരുന്ന ആള്‍ നിലവില്‍ ഒളിവിലാണ്.