കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രകൾക്കുള്ള നിരോധനം അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ കൊറോണ വൈറസ് വ്യാപനം ലഘൂകരിക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ആരോഗ്യ നടപടികൾ കർശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാൻ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.
പല രാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ യാത്രാനിയന്ത്രണങ്ങള്‍ വീണ്ടും ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കൃത്യമായ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രദേശങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്, പാലിക്കാത്ത സ്ഥലങ്ങളില്‍ കൂടുന്നുമുണ്ട്. കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്ത കാനഡ, ചൈന, ജർമ്മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം പ്രശംസിച്ചു. യാത്രാനിരോധനം സുസ്ഥിരമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രോഗ്രാം മേധാവി മൈക്ക് റയാനും വ്യക്തമാക്കി. “ഭാവിയിൽ ഓരോ രാജ്യങ്ങള്‍ക്കും അതിർത്തികൾ അടച്ചിടുകയെന്നത് അസാദ്ധ്യമായി തീരും. അതുകൊണ്ട് സമ്പദ്വ്യവസ്ഥകൾ തുറക്കണം, ആളുകൾ ജോലി ചെയ്യണം, വ്യാപാരം പുനരാരംഭിക്കണം,” അദ്ദേഹം പറഞ്ഞു.
Read more
കോവിഡിനെ ആഗോള മഹാമാരിയായി തുടര്‍ന്നും പരിഗണിക്കണോ എന്നത് പരിശോധിക്കാൻ യുഎൻ ആരോഗ്യ സമിതിയുടെ അടിയന്തര യോഗം ചേരുമെന്നും ടെഡ്രോസ് പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ നിയമങ്ങൾക്കനുസൃതമായി ഏറ്റവും ഉയർന്ന ആരോഗ്യ ജാഗ്രത ആവശ്യമായി വരുന്ന സമയത്താണ് രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്. ഓരോ ആറുമാസത്തിലും അത് പുനരവലോകനം ചെയ്യുകയും വേണം. പന്നിപ്പനി, പോളിയോ, സിക്ക, ആഫ്രിക്കന്‍ എബോള തുടങ്ങിയ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും അവയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.