ട്രംപിനെ വെടിവെച്ചിട്ടത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ്; തോക്ക് പിടിച്ചെടുത്തു; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമം തള്ളി വീണ്ടും പൊതുവേദിയിലേക്ക്

പൊതുവേദിയില്‍ വെച്ച് വെടിയേറ്റ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണെന്ന് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറല്‍ ഏജന്‍സിയായ യുഎസ് സീക്രട്ട് സര്‍വീസും ചേര്‍ന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് സീക്രട്ട് സര്‍വീസ്.

പെന്‍സില്‍വാനിയയില്‍ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആര്‍15 സെമി ഓട്ടമാറ്റിക് റൈഫിള്‍ കണ്ടെടുത്തു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് പങ്കെടുക്കുമെന്ന് അദേഹത്തിന്റെ ടീം അറിയിച്ചു.

അതേസമയം, അമേരിക്കന്‍ മുന്‍ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമാത ഡൊണാള്‍ട് ട്രംപിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയില്‍ ഇത്തരം രാഷ്ട്രീയ അക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്, അത് ഉചിതമല്ല. എല്ലാവരും അതിനെ അപലപിക്കണമെന്ന് അദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാന്‍ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാല്‍ സാധിച്ചില്ലെന്നു ബൈഡന്‍ വ്യക്തമാക്കി.

പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റു.

ആക്രമണം ഉണ്ടായ ഉടനെ സ്‌ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്ത് നിന്നു മാറ്റിയിരുന്നു.