മരവിച്ചു മരിച്ച് കുടിയേറ്റക്കാര്‍; തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ 12 മൃതദേഹം

തുര്‍ക്കി -ഗ്രീസ് അതിര്‍ത്തിയില്‍ കൊടും ശൈത്യത്തില്‍ മരവിച്ചു മരിച്ച 12 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു അറിയിച്ചു.

ഇപ്സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഷൂസുകളോ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെടുത്ത എട്ട് മൃതദേഹങ്ങളുടെ ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു.

കുടിയേറ്റക്കാരോട് ഗ്രീക്ക് അതിര്‍ത്തിസേന ക്രൂരമായാണ് പെരുമാറുന്നതെന്നും യാത്രക്കാരായ 37 ലക്ഷം അഭയാര്‍ഥികള്‍ തുര്‍ക്കിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികളും യൂറോപ്പിലേക്കു കടക്കുന്നത് തുര്‍ക്കി ഗ്രീസ് വഴിയാണ്. കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ട് ഒട്ടേറെപേര്‍ കഴിഞ്ഞ മാസങ്ങളില്‍ മരിച്ചെന്നും സുലൈമാന്‍ സോയ്ലു ട്വീറ്റ് ചെയ്തു.