അന്ധവിശ്വാസങ്ങളുടെ ഒരു കൂടാരം തന്നെയാണ് ഇന്നത്തെ ലോകം. ദിനംപ്രതി നാം കേൾക്കുന്ന വാർത്തകളും, സംഭവങ്ങളും അത്തരത്തിലുള്ളതാണ്. പലതും നമുക്ക് വിശ്വസിക്കാനും ചിന്തിക്കാനും കഴിയുന്നതിലും അപ്പുറമാണ്. അത്തരത്തിൽ നമ്മെ കൗതുകപ്പെടുത്തുന്ന ഒരു വാർത്തയാണ് ഫ്ലോറിഡയിൽ നിന്ന് വരുന്നത്.
സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ വന്നിരുന്നു. എന്നാൽ അതിൽ നിന്ന് അല്പം വ്യത്യസ്തതയാർന്നതാണ് ഈ വാർത്ത. സൂര്യഗ്രഹണ ദിവസം രണ്ടുപേരെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വാർത്ത കേൾക്കുമ്പോൾ നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നില്ല, സാധാരണമായി തന്നെയേ തോന്നു. എന്നാൽ ഇതിന് പിന്നിൽ ഒരു കഥയുണ്ട്. അതാണ് നമ്മെ അതിശയിപ്പിക്കുന്നത്.
ജോർജിയയിൽ നിന്നുള്ള ടെയ്‌ലൺ നിഷെൽ സെലസ്റ്റിൻ എന്ന് പേരുള്ള 22 കാരിയാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്നോ? ദൈവം പറഞ്ഞിട്ടാണത്രെ അവൾ ആ കൊലപാതകം ചെയ്യാൻ പോയത്. അത്ഭുതം തോന്നുന്നല്ലേ.! എന്നാൽ ഇത് സത്യമാണ്.
ദൈവത്തിന്റെ നിർദ്ദേശപ്രകാരം താൻ വെടിവയ്പ്പിൽ പങ്കെടുക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് സൂര്യഗ്രഹണ ദിവസം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഇരുപത്തിരണ്ടുകാരി ഇറങ്ങിയത്. അവൾ നേരെ പോയത് ഫ്ലോറിഡ പാൻഹാൻഡിൽ അലബാമ അതിർത്തിയിലെ ഹൈവേയിലേക്കാണ്. നടന്ന് പോകുന്നതിനിടെ വഴിയിലുണ്ടായിരുന്ന കാറിലേക്ക് നിരവധി തവണ അവൾ വെടിയുതിർത്തു. ഇത് കൂടാതെ വെടിയുതിർത്ത ശേഷം അവൾ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു.
ഇവിടം കൊണ്ടൊന്നും തീർന്നില്ല. തൊട്ട് പിന്നാലെ അതുവഴി പോവുകയായിരുന്ന മറ്റൊരു ഡ്രൈവർക്ക് നേരെയും അവൾ വെടിയുതിർത്തു. പിന്നാലെ, ഇയാളുടെ കഴുത്തിന് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 26 കിലോമീറ്റർ കഴിഞ്ഞപ്പോഴാണ് യുവതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുന്നത്. സൂര്യഗ്രഹണമായതുകൊണ്ടാണ് ദൈവം പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം ചെയ്തതെന്നായിരുന്നു ഇരുപത്തിരണ്ടുകാരിയായ ടെയ്‌ലൺ നിഷെൽ സെലസ്റ്റിൻ പറഞ്ഞത്. ടെയ്‌ലൺ നിഷെലിനെതിരെ കൊലപാതകശ്രമത്തിനും മാരകായുധങ്ങൾ കൈവശം വച്ചതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും തോക്കുകളും കണ്ടെത്തി. നിലവിൽ ഹോംസ് കൗണ്ടി ജയിലിലാണ് ടെയ്‌ലൺ നിഷെൽ ഉള്ളത്.