ബ്ലൂ ടിക്കിന് ഇനി പണം നല്‍കണം; പ്രമുഖരുടെ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കി ട്വിറ്റര്‍

ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാന്‍സിസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും അടക്കമുള്ള പ്രമുഖര്‍ക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി. പണം നല്‍കിയവര്‍ക്ക് മാത്രമേ ഇനി ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകള്‍ക്കും വെരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷന്‍ നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒയ്ക്കും ട്വിറ്ററില്‍ ഇപ്പോള്‍ വെരിഫിക്കേഷന്‍ ഇല്ല.

രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുണ്ട് വേരിഫിക്കേഷന്‍ നഷ്ടമായവരുടെ പട്ടികയില്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബി.ജെ.പി. നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്ക് ബ്ലൂ ടിക്ക് നഷ്ടമായി.

കൂടാതെ ഷാരൂഖ് ഖാനും ആലിയ ഭട്ടിനും വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും തങ്ങളുടെ വേരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്. ഇതുവരെ സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ ചെക്ക് മാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ട്വിറ്റര്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ചില അക്കൗണ്ടുകളില്‍ മാത്രമാണ് അന്ന് മാറ്റം നടപ്പിലാക്കിയത്. എന്നാല്‍ ഇത്തവണ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്യാന്‍ തന്നെയാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന്റെ തീരുമാനം. ഇന്ത്യയിലെ ഉപയോക്താക്കള്‍ അവരുടെ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കി നിലനിര്‍ത്താനും അധിക ഫീച്ചറുകള്‍ ഉപയോഗിക്കാനും പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്.

ട്വിറ്റര്‍ ബ്ലൂവിലേക്കുള്ള പുതിയ സബ്സ്‌ക്രിപ്ഷനുകള്‍ നിലവില്‍ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, യുകെ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, എന്നിവിടങ്ങളില്‍ ലഭ്യമാണ്.