സ്വന്തം ശരീരം തേടി നടന്ന രണ്ടു മനുഷ്യര്‍ !

ഞാന്‍ എന്നെത്തന്നെ തേടുകയാണെന്ന് ആത്മീയമായ ശൈലിയില്‍ പലരും പറയാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ സംഭവിച്ചത് അങ്ങനെയല്ല. ഒരു മനുഷ്യന്‍ നിരവധി ആളുകളോടും പോലീസിനുമൊപ്പം തന്നെത്തന്നെ തേടിനടന്നു.

തുര്‍ക്കിയിലെ ബര്‍സ പ്രവിശ്യയില്‍ കയാക്ക എന്ന വനസമീപ ഗ്രാമത്തിനടുത്ത് അമ്പതുകാരനായ ബയ്ഹാന്‍ മുറ്റ്‌ലു എന്നയാള്‍ ഏതാനും സുഹൃത്തുക്കളോടൊപ്പം വാരാന്ത്യത്തില്‍ കറങ്ങാന്‍ പോയതായിരുന്നു. ഇടയ്ക്ക് അല്പം മദ്യപിച്ചു. സൂഹുത്തുക്കള്‍ ഓരോരുത്തര്‍ അവരവരുടെ വഴിക്കുപോയി. ഉറക്കം വന്ന ബയ്ഹാന്‍ കുറേ നടന്നപ്പോള്‍ വനം കടന്നതൊന്നും ബയ്ഹാന്‍ അറിഞ്ഞില്ല. ഉറക്കം വന്നപ്പോള്‍ എവിടെയോ കിടന്നുറങ്ങി.

അടുത്ത ദിവസം ഇദ്ദേഹത്തെ കാണാനില്ലെന്ന് ഭാര്യയും വീട്ടുകാരും പരാതി കൊടുത്തതനുസരിച്ചാണ് പോലീസ് നാടുമുഴുവനും തിരഞ്ഞിട്ടും കാണാതായതോടെ വനത്തില്‍ തെരച്ചില്‍ ആരംഭിച്ചത്.

അടുത്ത രാത്രിയില്‍ ഉറക്കമുണരുന്ന ബയ്ഹാന്‍ കാണുന്നത് കുറേപ്പേര്‍ ആരെയോ തിരയുന്നതാണ്. ഒരാളോട് കാര്യമന്വേഷിച്ചപ്പോള്‍ അടുത്ത പട്ടണത്തിലെ ഒരാളെ കാണാതായിട്ടുണ്ടെന്നും അയാളെയാണ് ആളുകളും പോലീസും ചേര്‍ന്ന് തിരയുന്നതെന്നും മനസ്സിലായി. ഏതെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുകയോ മറ്റ് അപകടങ്ങളില്‍ പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ ബയ്ഹാനും അവരോടൊപ്പം തെരച്ചിലില്‍ പങ്കെടുത്തു. മണിക്കൂറുകള്‍ അങ്ങനെ പോയി. ആളെ കാണാതായതും അന്വേഷണയത്‌നവുമെല്ലാം എന്‍ടിവി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു.

ഇടയ്‌ക്കെപ്പോഴോ ഒരാള്‍ ബയ്ഹാന്റെ പേര് ഉറക്കെ വിളിച്ചു. അപ്പോഴാണ് നമ്മള്‍ ആരെയാണ് തിരയുന്നതെന്ന് കഥാനായകന്‍ പോലീസിനോട് ചോദിക്കുന്നത്. ആളുടെ പേരു പറഞ്ഞപ്പോഴാണ് ബയ്ഹാന്‍ വെളിപ്പെടുത്തുന്നത്. നമ്മള്‍ തിരയുന്നയാള്‍ ഞാന്‍തന്നെ.

സംഭവം എന്റെ അച്ഛനോട് പറയരുത് എന്നാണ് ആദ്യംതന്നെ ബയ്ഹാന്‍ ഓഫീസറോട് അഭ്യര്‍ത്ഥിച്ചത്.

സമാനമായ മറ്റൊരു സംഭവം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത് 2012 ല്‍ ഐസ്ലാന്റിലാണ്. ഒരു വിനോദസഞ്ചാരസംഘം ഐസ് ലാന്റിന്റെ തെക്കുഭാഗത്തുള്ള അഗ്നിപര്‍വ്വതമേഖലവയായ എഡ്ജ കാന്യോണ്‍ സന്ദര്‍ശിക്കുകയായിരുന്നു. വൈകിട്ട് അവര്‍ തിരികെ ബസ്സില്‍ കയറുമ്പോള്‍ ഒരു യുവതിയെ കാണ്മാനില്ല എന്ന് സഹയാത്രികര്‍ ശ്രദ്ധിച്ചു. തിരികെ വാഹനത്തില്‍ നിന്നുമിറങ്ങി അന്വേഷണം തുടര്‍ന്നു. പോലീസ് എത്തി. യുവതിയെ തെരയാന്‍ ഹെലികോപ്റ്ററിന്റെ സഹായം തേടി. ടൂറിസ്റ്റുകളും അവരെത്തേടി മണിക്കൂറുകള്‍ നടന്നലഞ്ഞു. ഒരു പ്രയോജനവുമുണ്ടായില്ല.

എല്ലാവരും നിരാശരായി. ആകെ അരക്ഷിതബോധം. യാത്രികര്‍ പരസ്പരം പരിചയമുള്ളവരായിരുന്നില്ല. കാണാതായ യുവതിയുടെ ലക്ഷണങ്ങള്‍ അവരില്‍ ഒരാള്‍ പോലീസിനോട് വീണ്ടും പറഞ്ഞു. ഏഷ്യന്‍ വംശജയാണ്. 160 സെന്റിമീറ്ററോളം ഉയരം വരും. അവര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. ഇരുണ്ടനിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

അപ്പോഴാണ് അത്രയും നേരവും തെരച്ചിലില്‍ പങ്കെടുത്ത യാത്രികയായ ഒരു ഏഷ്യന്‍ യുവതി മുന്നോട്ടുവന്നത്. എങ്കില്‍ നമ്മള്‍ തിരയുന്നത് എന്നെയാണ്. ഇവിടെ എത്തുമ്പോള്‍ ഞാന്‍ ഇരുണ്ടനിറമുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇടയ്ക്ക് വസ്ത്രമൊന്നു മാറേണ്ടിവന്നു.

നഷ്ടപ്പെട്ടയാളുടെ ലക്ഷണം അവര്‍ പങ്കുവെക്കുന്ന സമയത്ത് യുവതി കേള്‍ക്കാതിരുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.