കൃത്യ സമയത്ത് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുമായി യുഎഇ; മലയാളം ഉള്‍പ്പെടെ ഇരുപത് ഭാഷകളില്‍ പരാതി നല്‍കാം

കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത പക്ഷം വന്‍തുക പിഴ ചുമത്തുകയും, നിയമ ലംഘനം ആവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ശമ്പളം കൃത്യ സമയത്ത് ലഭിക്കാതിരുന്നാല്‍ പരാതിപ്പെടാന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശമുണ്ട്. വേതന സംരക്ഷണ സംവിധാനം വഴി ശമ്പളം നല്‍കാനാണ് സ്വകാര്യ കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

തൊഴിലാളികള്‍ ജോലി ചെയ്ത് ഒരു മാസം പൂര്‍ത്തിയായ ശേഷവും ശമ്പളം നല്‍കിയില്ലെങ്കില്‍ കുടിശ്ശിക വരുത്തിയതായി മന്ത്രാലയം കണക്കാക്കും. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്വകാര്യ കമ്പനികളും വേതന സുരക്ഷാ പദ്ധതിയിലും അംഗമാകണം. അംഗീകൃത ബാങ്കുകള്‍ വഴിയാണ് തൊഴിലാളികള്‍ക്ക് വേതനം കൈമാറേണ്ടത്.

തൊഴിലാളികളുടെ ശമ്പളത്തില്‍ കുടിശ്ശിക വരുത്തുന്ന കമ്പനികള്‍ക്ക് 3 മുതല്‍ 10 ദിവസം വരെ മുന്നറിയിപ്പ് നല്‍കും. 10 ദിവസം കഴിഞ്ഞാല്‍ വേതനം നല്‍കാത്ത കമ്പനികള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുക്കും. 17 ദിവസത്തില്‍ കൂടുതല്‍ വേതനം വൈകിപ്പിച്ചാല്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി നടപടി സ്വീകരിക്കും. ശമ്പളം നല്‍കാന്‍ വൈകുന്നതിനനുസരിച്ച് പിഴയും വര്‍ദ്ധിപ്പിക്കും. 50 മുതല്‍ 499 വരെ തൊഴിലാളികളുള്ള കമ്പനികള്‍ ഒരു മാസത്തിലേറെ ശമ്പളം വൈകിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും.

എന്നാല്‍ 500ന് മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ കുടിശ്ശിക വരുത്തിയാല്‍ അവയെ അപകട സാധ്യതയുള്ളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തും. ആറ് മാസത്തിനുള്ളില്‍ നിയമം ലംഘിച്ചാല്‍ പിഴയും ചുമത്തും. ഇത് കൂടാതെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ക്ക് 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തും. ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളില്‍ പരാതി നല്‍കാം.