അയൺ ഡോമിനോപ്പം ഇസ്രായേൽ ആക്രമണങ്ങൾക്ക് കരുത്ത് പകരാൻ എത്തിയ അമേരിക്കയുടെ വജ്രായുധമാണ് താഡ്. ഇറാൻ്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് രാജ്യത്തിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായാണ് ‘താഡ്’ എന്ന നൂതന മിസൈൽ പ്രതിരോധ സംവിധാനം അമേരിക്കയിൽ നിന്ന് ഇസ്രായേൽ നേടിയത്. താഡിനൊപ്പം ഇത് പ്രവർത്തിപ്പിക്കാൻ 100 ലധികം യുഎസ് സൈനികരെയും ഇസ്രായേലിലേക്ക് അമേരിക്ക വിന്യസിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും നൂതനമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് താഡ്.
പ്രധാന ഇറാനിയൻ- ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായി ഇസ്രായേലിനെതിരെ അടുത്തിടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഈ നീക്കം. യുഎസ് സൈനികരോടൊപ്പം താഡ് സംവിധാനവും അയയ്ക്കുമെന്ന് യുഎസിന്‌റെ പ്രതിരോധ ആസ്ഥാനമായ ദ പെന്‌റഗൺ ആണ് അറിയിച്ചത്. തങ്ങളുടെ സൈനികസേനയെ ഇസ്രായേലിൽ നിന്ന് അകറ്റി നിർത്തണമെന്ന യുഎസിന് നൽകിയ ടെഹ്‌റാന്റെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.
ഷോർട്ട്, മീഡിയം, ഇൻ്റർമീഡിയറ്റ് ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ രൂപകൽപ്പന ചെയ്ത അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമാണ് താഡ്. അന്തരീക്ഷത്തിനകത്തും പുറത്തുമുള്ള ലക്ഷ്യങ്ങളെ തടയാൻ കഴിവുള്ള ഏക യുഎസ് സംവിധാനമാണിത്. സാധാരണയായി അന്തരീക്ഷത്തിന് മുകളിലുള്ള ബാലിസ്റ്റിക് മിസൈലുകളെ തടഞ്ഞ് നശിപ്പിക്കാനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ മിസൈലുകളെ നശിപ്പിക്കാനും ഇവയ്ക്ക് സാധിക്കും എന്നതാണ് പ്രത്യേകത.
1991-ലെ പേർഷ്യൻ ഗൾഫ് യുദ്ധസമയത്ത് ഇറാഖിൻ്റെ സ്കഡ് മിസൈൽ ആക്രമണത്തിന് ശേഷമാണ് അമേരിക്ക താഡ് വികസിപ്പിച്ചെടുത്തത്. മൊത്തം 88 സ്‌കഡ് മിസൈലുകളിൽ 42 എണ്ണം ഇസ്രായേലിലേക്കും 46 സൗദി അറേബ്യയിലേക്കും ഇറാഖ് തൊടുത്തു വിടുകയും അക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുഎസ് സൈന്യത്തിനായി ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഒരു സംയോജിത വ്യോമ, മിസൈൽ പ്രതിരോധ സംവിധാനമാണിത്. യഥാർത്ഥത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി പ്രോഗ്രാമായ താഡ്, മിസൈൽ ഡിഫൻസ് ഏജൻസിയുടെ കുടക്കീഴിലാണ് വരുന്നത്.
നിലവിൽ ഏഴ് താഡ് ബാറ്ററികളാണ് യുഎസിനുള്ളത്. ഉയർന്ന ബാലിസ്റ്റിക് മിസൈൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. എട്ടാമത്തെ സംവിധാനം നിർമിച്ചു വരികയാണ്. ഇത് 2025-ൽ ഉപയോഗയോഗ്യമാകും. ഓരോ താഡ് ബാറ്ററിയിലും ട്രക്കുകളിൽ ഘടിപ്പിച്ച ആറ് ലോഞ്ചറുകൾ, 48 മിസൈൽ ഇൻ്റർസെപ്റ്ററുകൾ, റേഡിയോ, റഡാർ സംവിധാനങ്ങൾ എന്നിവയുണ്ട്. ഒരു താഡ് ബാറ്ററി പ്രവർത്തിപ്പിക്കാൻ 95 സൈനികർ ആവശ്യമാണ്.
200 കിലോമീറ്റർ (124 മൈൽ) അകലെയുള്ള മിസൈലുകളെ തടയാൻ താഡിന് കഴിയും. 150 കിലോമീറ്റർ (93 മൈൽ)വരെ ഉയരത്തിൽ എത്തുന്ന മിസൈലുകളെ തടസപ്പെടുത്താനും കഴിയും. ആകാശത്ത് വെച്ച് ലോകത്തിലെ ഏറ്റവും ഫലപ്രദമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നുകൂടിയാണ് ഇത്. ഇൻ്റർസെപ്റ്റർ മിസൈലുകൾ മാക് 8 (6,000 mph) വരെ വേഗത കൈവരിക്കാനാകും.
ആക്രമണത്തിന് ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ താഡിൻ്റെ റഡാർ സംവിധാനം കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. ശേഷം ഈ സിസ്റ്റം മിസൈലിൻ്റെ പാത ട്രാക്ക് ചെയ്യും. പിന്നീട് വരുന്ന മിസൈലുകൾ നശിപ്പിക്കാൻ ഒരു ഇൻ്റർസെപ്റ്റർ മിസൈൽ വിക്ഷേപിക്കുന്നു. വരുന്ന മിസൈലുമായി ഇൻ്റർസെപ്റ്റർ കൂട്ടിയിടിച്ച് അതിനെ നശിപ്പിക്കുകയാണ് ചെയ്യുക. ഓരോ ലോഞ്ചറും വീണ്ടും ലോഡു ചെയ്യാൻ 30 മിനിറ്റ് വരെ സമയം എടുക്കും.
മിസൈൽ പ്രതിരോധത്തിന് പുറമെ കിഴക്കൻ മെഡിറ്ററേനിയൻ, അറബിക്കടൽ, ചെങ്കടൽ എന്നിവിടങ്ങളിലും വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് 180 മിസൈലുകൾ ഇസ്രായേൽ പ്രദേശത്തേക്ക് വിക്ഷേപിച്ചതോടെ ഇറാൻ്റെ ഏറ്റവും പുതിയ ആക്രമണം ഉൾപ്പെടെയുള്ള മിസൈൽ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ഇസ്രായേൽ. ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ലെബനൻ അതിർത്തി കടന്ന് ഇസ്രായേൽ കരയുദ്ധവും ആരംഭിച്ചിരുന്നു.
ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെ 180 മിസൈലുകളാണ് ഇസ്രായേലിന് നേർക്ക് ഇറാൻ തൊടുത്തത്. ഇതിന് പിന്നലെയാണ് ശക്തമായ മിസൈൽ ആക്രമണം ലെബനനിൽ ഇസ്രായേൽ തുടർന്നതും തിരിച്ചടികളെ നേരിടാൻ അമേരിക്കയുടെ സഹായത്തോടെ സജ്ജമായതും. ഇസ്രായേൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമായ അയൺ ഡോമിന് പിന്നാലെ അമേരിക്കയുടെ താഡ് കൂടെ എത്തിയതോടെ ഇസ്രായേൽ വീണ്ടും കരുത്തരായി.