സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ചത് ഇസ്രയേല്‍-അമേരിക്ക സംയുക്ത പദ്ധതി; അയല്‍രാജ്യവും വ്യക്തമായ പങ്കുവഹിച്ചു; ആരോപണവുമായി ആയത്തുള്ള അലി ഖമനയ്

സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ചത് ഇസ്രയേല്‍-അമേരിക്ക സംയുക്ത പദ്ധതിയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്.സിറിയയിലേതുള്‍പ്പെടെയള്ള ഭരണ അട്ടിമറി തുടങ്ങിയ സമീപകാല സംഭവങ്ങള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത പദ്ധതിയുടെ ഭാഗമാണെന്ന് സംശയമില്ലെന്നും ഖമനയ് പറഞ്ഞു.

സംശയത്തിന് ഇടനല്‍കാത്ത തരത്തില്‍ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്. അസാദിനെ അട്ടിമറിച്ചതിനു പിന്നില്‍ സിറിയയുടെ അയല്‍രാജ്യവും വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യുന്നുവെന്ന് ആയത്തുള്ള ആരോപിച്ചു.

ഇറാക്ക്, ഇസ്രയേല്‍, ജോര്‍ദാന്‍, ലെബനന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് സിറിയയുമായി അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ തുര്‍ക്കി ദീര്‍ഘകാലമായി ചില സിറിയന്‍ വിമത സംഘങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. അട്ടിമറി ശ്രമം നടക്കുന്നതായി കഴിഞ്ഞ മൂന്നു മാസമായി ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു- ഖമനയ് പറഞ്ഞു.