അമേരിക്കയിലേക്ക് വരൂ; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് പ്രസിഡന്റ് ബൈഡന്‍; യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും

അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അടുത്ത ജൂണിലോ ജൂലൈയിലോ മോദി യുഎസ് സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബൈഡന്റെ ക്ഷണം വന്നതിന് പിന്നാലെ കൃത്യം തീയതി നിശ്ചയിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങി. ക്ഷണം പ്രധാനമന്ത്രി തത്ത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ടുദിവസമെങ്കിലും മോദി യു.എസ്. സന്ദര്‍ശനത്തിനു നീക്കിവെക്കേണ്ടിവരും.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുന്ന മോദി വൈറ്റ്ഹൗസിലെ അത്താഴ വിരുന്നിലും പങ്കെടുക്കും. ജി 20 അധ്യക്ഷന്‍ എന്ന നിലയില്‍ ഈ വര്‍ഷം മോദിക്ക് നിരവധി പരിപാടികളുണ്ട്. സെപ്റ്റംബറില്‍ ജി 20 ഉച്ചകോടി നടക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രത്തലവന്‍മാര്‍ അതില്‍ പങ്കെടുക്കും.

പ്രതിരോധ, സാങ്കേതിക മേഖലകളില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചയ്ക്ക് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ചൊവ്വാഴ്ച വാഷിങ്ടനില്‍ തുടക്കം കുറിച്ചിരുന്നു.