ഏകദേശം അഞ്ച് മാസത്തിനിടെ ആദ്യമായി പൊതുപരിപടിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൾ ജു.
ചാന്ദ്ര പുതുവത്സര അവധി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മാൻസുഡേ ആർട്ട് തിയേറ്ററിൽ നടന്ന കലാപ്രകടനത്തിൽ കിമ്മും റിയും പങ്കെടുത്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ അറിയിച്ചു.
സെപ്തംബർ 9 ന് രാജ്യം സ്ഥാപിതമായതിന്റെ വാർഷികത്തിൽ, തന്റെ ഭർത്താവിനൊപ്പം കുംസുസൻ കൊട്ടാരം സന്ദർശിച്ചപ്പോഴാണ് അവസാനമായി റിയെ പരസ്യമായി കണ്ടത്. കിമ്മിന്റെ പരേതനായ മുത്തച്ഛന്റെയും പിതാവിന്റെയും എംബാം ചെയ്ത മൃതദേഹങ്ങൾ ഈ കൊട്ടാരത്തിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്.
“സ്വാഗത സംഗീതത്തിന്റെ ഇടയിൽ കിം തന്റെ ഭാര്യ റി സോൾ ജുവിനൊപ്പം തിയേറ്ററിന്റെ ഓഡിറ്റോറിയത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, സദസ്സ് ആർപ്പുവിളികൾ ഉയർത്തി,” എന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു. കലാകാരന്മാർക്കൊപ്പം ഹസ്തദാനം ചെയ്യാനും ഫോട്ടോയെടുക്കാനും ദമ്പതികൾ വേദിയിലെത്തി എന്നും കെസിഎൻഎ പറഞ്ഞു.
പിതാവ് കിം ജോങ് ഇലിൽ നിന്നും വ്യത്യസ്തമായി തന്റെ ഭാര്യമാരോടൊപ്പം പൊതുസ്ഥലത്ത് അപൂർവമായി മാത്രമേ കിം ജോങ് പ്രത്യക്ഷപെടാറുള്ളൂ. സാമൂഹിക, ബിസിനസ്, സൈനിക യാത്രകളിൽ പോലും കിമ്മിനൊപ്പം റി പ്രത്യക്ഷപെടാത്തത് പലപ്പോഴും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സംഗീത കച്ചേരിയിൽ പങ്കെടുക്കുന്നതിന് മുമ്പ് ഒരു വർഷത്തിലേറെയായി റി ദേശീയ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇത് റിയുടെ ആരോഗ്യ സ്ഥിതി വഷളാണെന്നും അവർ ഗർഭിണിയാണെന്നും മറ്റുമുള്ള ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു.
കോവിഡിനെ ചെറുക്കുന്നതിനായാണ് റി പൊതുപരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും അവർ തങ്ങളുടെ കുട്ടികളുമായി സമയം ചെലവഴിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയയിലെ നാഷണൽ ഇന്റലിജൻസ് സർവീസ് അറിയിച്ചിരുന്നു. കിമ്മിനും റിക്കും മൂന്ന് കുട്ടികളുണ്ടെന്നാണ് ചാര ഏജൻസി വിശ്വസിക്കുന്നത് പക്ഷേ അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവില്ല.
Read more
ഉത്തര കൊറിയ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ അതിർത്തികൾ അടയ്ക്കുകയും യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ സ്വീകരിക്കുകയും ചെയ്തു.