ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുത്; ആശംസകള്‍ നേരുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്; മുസ്ലിം മതപണ്ഡിതന്റെ 'പോസ്റ്റില്‍' പ്രതിഷേധം

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ മുസ്ലീം മതപണ്ഡിതനും പ്രഭാഷകനുമായ സക്കീര്‍ നായിക്. ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമാണ്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരരുത്. ഇങ്ങനെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ആശംസകള്‍ നേരുന്നതും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് അദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ആഹാരം, വസ്ത്രം, തിരിതെളിക്കല്‍ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. നേരത്തെയും ക്രിസ്മസിനെതിരെ സക്കീര്‍ നായിക് രംഗത്തുവന്നിരുന്നു. മറ്റു മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരോട് പ്രവാചകന്‍ പൊറുക്കില്ലെന്ന് അദേഹം അന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കുറി സക്കീര്‍ നായിക് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തത്. അദേഹത്തിന്റെ പോസ്റ്റിന് താഴെ സക്കീര്‍ നായിക്കിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും ഒട്ടേറെ പേര്‍ കമന്റിട്ടു. ഒട്ടേറെ മലയാളികളും പ്രതിഷേധ കമന്റുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകനാണ് സാക്കിര്‍ നായിക്ക്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെതിരെ കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന്, രാജ്യംവിട്ട ഇദ്ദേഹം 2017 മുതല്‍ മലേഷ്യയിലാണ് താമസിച്ചുവരുന്നത്. നായിക്കിന് മലേഷ്യയില്‍ സ്ഥിരതാമസത്തിന് അനുമതിയുണ്ടെങ്കിലും 2020-ല്‍ ”ദേശീയ സുരക്ഷ” മുന്‍നിര്‍ത്തി പ്രഭാഷണപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് മലേഷ്യ അദ്ദേഹത്തെ വിലക്കിയിരുന്നു.

Read more

നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് മതങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യുകെയിലും കാനഡയിലും നായിക്കിന് വിലക്കുണ്ട്. മലേഷ്യയിലും നിരോധിക്കപ്പെട്ട 16 ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളാണ് നായിക്. ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് സാക്കിര്‍ നായിക് നേരിടുന്നത്. നായ്ക് സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിയമവിരുദ്ധ സംഘടനയായി ഈ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പ്രഖ്യാപിച്ചിരുന്നു.