64 ഹെക്ടര്‍ ഭൂമി, ഏഴ് സെന്റ്ില്‍ 1,000 ചതുരശ്ര അടിയില്‍ വീട്; സ്‌കൂള്‍ മുതല്‍ ആശുപത്രി വരെ ഒറ്റ കുടക്കീഴില്‍; വയനാട് മാതൃക ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ഇന്ന്; ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള സ്നേഹ ഭവനങ്ങള്‍ക്ക് ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മിക്കുന്ന മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

എല്‍സ്റ്റണില്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പില്‍ മാതൃക വീടുകള്‍ക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 1,000 ചതുരശ്ര അടിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്.

പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടുകളിലുള്ളത്. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയിലുണ്ടാവുക. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും. മള്‍ട്ടി പര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.