ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ചുമതല ഏറ്റെടുത്ത് യഹിയ സിൻവാർ. ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള നേതാവാണ് യഹിയ സിൻവാർ. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരിൽ ഒരാളാണ് സിൻവാർ.
‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന കടുത്ത രാഷ്ട്രീയ സമീപനങ്ങൾക്ക് പേരുകേട്ട സിൻവാർ ചുമതലയേൽക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേൽ ഉൾപ്പെടെ വീക്ഷിക്കുന്നത്. ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലെ മുൻ നിരക്കാരനായ സിൻവാറിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പാണ് ഹമാസ് ഇസ്രയേലിന് നൽകുന്നത്. വെടിനിർത്തൽ ചർച്ചകളോട് ഇസ്മായിൽ ഹനിയ സ്വീകരിച്ച അനുകൂല നിലപാട് ഇനിയുണ്ടാകില്ലെന്ന സൂചനകളാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.
നേരത്തെയും വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് മുന്നോട്ടുവച്ച ഉപാധികളിൽനിന്ന് ഒരുപാട് പോലും പിന്നോട്ടുപോകാൻ സിൻവാർ തയാറായിരുന്നില്ല. അങ്ങനെയൊരാൾ തലപ്പത്തേക്ക് എത്തുമ്പോൾ ചർച്ചകൾ എങ്ങനെയാകും മുന്നോട്ടുപോകുക എന്നതിൽ ഇതുവരെയും വ്യക്തതയില്ല. ഗാസയിലുടനീളം പ്രാദേശികമായി യാത്ര ചെയ്ത് പ്രസംഗങ്ങൾ സംഘടിപ്പിച്ചിരുന്ന സിൻവാർ ഒക്ടോബർ ഏഴിന് ശേഷം ഒളിവിൽ തുടരുകയായിരുന്നു.
ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്. 1962ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു സിൻവാറിന്റെ ജനനം. ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഇസ്രയേലിന്റെ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1982ലും 1985ലും സിൻവാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഹമാസ് രൂപീകരണത്തോടെ സംഘടനയുടെ ഭാഗമായ സിൻവാർ 1988ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും നാല് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയുമായിരുന്നു.
22 വർഷക്കാലമാണ് യഹിയ സിൻവാർ ഇസ്രയേലി തടവറയിൽ കഴിച്ചുകൂട്ടിയത്. ഹമാസ് പിടികൂടിയ ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011ലാണ് സിൻവാർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. മോചിതനായ ശേഷം, ഹമാസിൻ്റെ നേതൃനിരയിൽ തന്നെ ഏറ്റവും ശക്തനായ വ്യക്തിത്വമായി അതിവേഗമാണ് സിൻവാർ മാറിയത്. 2015ൽ അമേരിക്ക സിൻവറിനെ ‘ആഗോള ഭീകരനായി’ മുദ്രകുത്തുകയും ചെയ്തു.