ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ലക്ഷത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. 2.14 ലക്ഷം തീർത്ഥടകർ മദീനയിലെത്തിയതായി അധിക്യതർ അറിയിച്ചു. ഇതില്‍ 1,30,308 പേര്‍ മദീന പര്യടനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇത്തവണ 10 ലക്ഷം പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുക. 75000ത്തോളം തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അനുമതി നൽകിയിരിക്കുന്നത്. ഒന്നര ലക്ഷം തീര്‍ഥാടകരെയാണ് ഇത്തവണ ഹജ്ജിന് സൗദിയില്‍ നിന്ന് തെരഞ്ഞെടുക്കുന്നത്.
അതേസമയം മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമാണ്. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Read more
ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ‘ഇഅ്തമന്‍നാ’ ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഉംറ നടപടികള്‍ എളുപ്പമാക്കാനും ഹറമിലെ തിരക്കൊഴിവാക്കാനുമാണ് തീരുമാനമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.