സഞ്ചാരികൾക്ക് മുന്നിൽ വാതിൽ തുറന്ന് എക്സ്പോ നഗരി നാളെ മുതൽ വീണ്ടും. എക്സ്പോ മേളയിലേക്ക് കാണികളെ ആകർഷിച്ച മിക്ക വിനോദ, വിജ്ഞാന സംവിധാനങ്ങളും നിലനിർത്തിയാണ് നഗരി നാളെ വീണ്ടും തുറക്കുന്നത്. നഗരിയിലേക്ക് പ്രവേശനം സൗജന്യമാണ്. പക്ഷെ, പവലിയനുകൾ സന്ദർശിക്കാൻ പാസെടുക്കണം.
ലക്ഷങ്ങളെ ദുബായ് എക്സ്പോ നഗരിയിലേക്ക് ആകർഷിച്ച അൽവാസൽ പ്ലാസയിലെ പ്രദർശനങ്ങൾ വീണ്ടും ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസം ഈ ഡോമിൽ വീണ്ടും വിസ്മയ കാഴ്ചകൾ നിറയും. ശനിയാഴ്ച രാത്രി 6.15ന് നിശ്ചയിച്ചിരിക്കുന്ന ‘അൽ വാസലിന്റെ ഉണർവ്’ എന്ന പരിപാടിയാണ് ഉദ്ഘാടന ദിവസത്തെ ഹൈലൈറ്റ്.
വെള്ളം മുകളിലേക്ക് ഒഴുകുന്ന പ്രതീതിയുണർത്തുന്ന വെള്ളച്ചാട്ടമായ വാട്ടർ ഫീച്ചറും ആയിരങ്ങളെ വീണ്ടും എക്സ്പോ നഗരിയിലെത്തിക്കും. ടെറ, അലിഫ്, വിഷൻ, വുമൺ എന്നീ നാലു പവലിയനുകളിലേക്ക് പ്രവേശിക്കാൻ ഒരു ദിവസത്തേക്കുള്ള പ്രത്യേക പാസിന് 120 ദിർഹമാണ് നിരക്ക്. ടെറ, അലിഫ് പവലിയനുകൽ മാത്രം കാണാൻ 50 ദിർഹമിന്റെ പാസുമുണ്ട്. കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാർഡൻ ഇൻ ദ സ്കൈ’ പ്രവേശനത്തിന് 30 ദിർഹമാണ് നിരക്ക്.
Read more
അഞ്ച് വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ സൗജന്യം. 12 വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പവലിയനുകളിൽ പ്രവേശിക്കാനും പണമടക്കേണ്ടതില്ല. എന്നാൽ ഇവർ ടിക്കറ്റ് ബൂത്തുകളിൽ നിന്ന് പ്രത്യേക പാസ് വാങ്ങണം. പവലിയനുകളിലേക്ക് രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവേശനം.