സൗദി അറേബ്യക്കും യുഎഇയ്ക്കും മിസൈൽ പ്രതിരോധ സംവിധാനം വിൽക്കാൻ അംഗീകാരം നൽകി യു.എസ് വിദേശകാര്യ വകുപ്പ്. 300 കോടി ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്. യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സൗദി സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. കരാർ ഗൾഫ് മേഖലയുടെ സുരക്ഷക്ക് സഹായകരമാകുമെന്ന് പെന്റഗൺ വ്യക്തമാക്കി. സൗദി അറേബ്യക്ക് ആയുധങ്ങൾ വിൽക്കില്ലെന്ന് മുൻപ് യുഎസ് പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും താരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു.
സാമ്പത്തികമായി പരുങ്ങുന്ന യുഎസിന് പുതിയ കരാറോടെ ഉണർവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സൗദിക്ക് ആയുധങ്ങൾ കൈമാറില്ലെന്നതായിരുന്നു ബൈഡന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ സൗദിയില്ലാതെ ഗൾഫ് മേഖലയിൽ യുഎസ് താൽപര്യങ്ങൾ നിലനിൽക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു ബൈഡന്റെ സന്ദർശനം. ഒപ്പം യമനിൽ വെടിനിർത്തലും യുദ്ധാവസാന പ്രഖ്യാപനവും നടത്തിയാൽ ആയുധം കൈമാറാമെന്നായിരുന്നു ധാരണ.
രണ്ട് പ്രധാന ആയുധ കരാറുകൾക്കാണ് യുഎസ് വിദേശ കാര്യ വകുപ്പിന്റെ അനുമതി.
ഒന്ന്, സൗദി അറേബ്യക്ക് 300 മിസൈൽ പ്രതിരോധ ലോഞ്ചറുകൾ കൈമാറുക. ഈയിനത്തിൽ യുഎസിന് 300 കോടിയിലേറെ ഡോളർ ലഭിക്കും. അതിർത്തി കടന്നുള്ള ആക്രമണം സൗദിക്ക് തടയാനുമാകും. രണ്ടാമത്തേത് യുഎഇയുമായാണ്. 225 കോടി ഡോളറിന് യു.എ.ഇക്ക് താഡ് മിസൈൽ സംവിധാനവും നൽകും. 96 എണ്ണമാണ് നൽകുക. ഇതിനായി യുഎഇക്കുള്ള ചിലവ് 225 കോടി ഡോളറാണ്.
Read more
പരീക്ഷണ സാമഗ്രികളും സ്പെയർ പാർട്സുകളും സാങ്കേതിക പിന്തുണയും ഉള്‍പ്പെടുന്നതാണ് കരാര്‍.യു.എസ് ആസ്ഥാനമായുള്ള റെയ്തിയോണ്‍ ആണ് മുഖ്യ കോണ്‍ട്രാക്ടര്‍. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന പ്രധാന പങ്കാളികൾക്കുള്ള ആയുധക്കൈമാറ്റം മേഖലയിൽ സുരക്ഷക്ക് സഹായിക്കുമെന്ന് പെന്റഗൺ പറഞ്ഞു. കരാറിന് അംഗീകാരം നൽകിയതായുള്ള വിവരം വിദേശകാര്യ വകുപ്പ് യുഎസ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്നാണിവ കൈമാറുകയെന്നോ കരാർ ഒപ്പു വെച്ചോ എന്നതൊന്നും ഇതിലില്ല. യുഎസ് പ്രസിഡണ്ടിന്റെ സൗദി സന്ദർശനത്തിന് ശേഷമാണ് കരാറെന്നത് ശ്രദ്ധേയമാണ്.