വംശനാശം സംഭവിച്ച ഡയർ വൂൾഫിന് പുനർജന്മം; ദിനോസറും മാമോത്തും ഇനി തിരികെ വരുമോ?

‘ഗെയിംസ് ഓഫ് ത്രോൺസ്’ എന്ന സൂപ്പർ ഹിറ്റ് വെബ്‌സീരീസിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ വെളുത്ത കമ്പിളി രോമമുള്ള ‘ഡയർ വുൾഫ്’നെ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്തരത്തിൽ ഒരു ചെന്നായയെ വേണമെന്ന് ആഗ്രഹിച്ചവരും കുറവല്ല. എന്നാൽ ഇതും ചിലപ്പോൾ ഇനി സാധ്യമായേക്കാം… 12,500 വർഷം മുമ്പ്‌ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തെ ജനിതക എഞ്ചിനീയറിങ്ങിലൂടെ ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ച വാർത്തയാണ് ലോകമൊട്ടാകെ ശ്രദ്ധ നേടുന്നത്.

ടെക്‌സസ് ആസ്ഥാനമായ ബയോടെക് കമ്പനിയായ ‘കൊളോസൽ ബയോസയൻസസ്’ എന്ന കമ്പനിയാണ് അത്ഭുതപ്പെടുത്തുന്ന ഈ ശാസ്ത്രനേട്ടം കൈവരിച്ചത്. ഡയർവൂൾഫിന്റെ ഒഹിയോയിൽ നിന്ന് കണ്ടെത്തിയ 13,000 വർഷം പഴക്കമുള്ള പല്ലും ഇഡാഹോയിൽ നിന്ന് കണ്ടെത്തിയ 72,000 വർഷം പഴക്കമുള്ള തലയോട്ടിയുടെ ഒരു ഭാഗവുമാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്. ഇവയിൽ നിന്നാണ് ഡിഎൻഎ വേർതിരിച്ചെടുത്തത്.

Colossal Biosciences used ancient DNA to birth three dire wolves, which went extinct 13,000 years ago.

തുടർന്ന് ഗവേഷകർ ഒരു ജീവനുള്ള ഗ്രേ വൂൾഫിന്റെ രക്തകോശങ്ങൾ എടുത്ത് സിആർഐഎസ്പിആർ (CRISPR) ഉപയോഗിച്ച് 20 വ്യത്യസ്ത രീതിയിൽ ജനിതക മാറ്റം വരുത്തുകയും ഇങ്ങനെ മാറ്റം വരുത്തിയ ഡിഎൻഎ വളർത്തുനായയുടെ അണ്ഡത്തിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതിന് ശേഷം ഈ ഭ്രൂണം മറ്റൊരു വളർത്തുനായയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. 62 ദിവസങ്ങൾക്ക് ശേഷം ഈ നായ ജനിതകമായി രൂപകൽപ്പന ചെയ്ത ഡയർവൂൾഫ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയായിരുന്നു.

റോമുലസ്, റെമസ് എന്ന പേര് നൽകിയിരിക്കുന്ന ഈ ആൺ ചെന്നായ്ക്കൾക്ക് ആറ് മാസം മാത്രമേ പ്രായമുള്ളൂ എങ്കിലും ഇവയ്ക്ക് ഇതിനകം തന്നെ നാല് അടി നീളവും 36 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. 2024 ഒക്ടോബർ ഒന്നിനാണ് ഇവയുടെ ജനനം. ഇവരെക്കൂടാതെ 2025 ജനുവരിയിൽ ഖലീസി എന്ന ഒരു പെൺ ചെന്നായക്കും ജന്മം നൽകിയിട്ടുണ്ട്.

Colossal Biosciences announces on April 7, 2025, that the Dallas-based biotech company has used ancient DNA to birth three dire wolves, an animal that went extinct as many as 13,000 years ago.

ഇവയെ പുനരുജ്ജീവിപ്പിക്കാൻ ഡയർ വൂൾഫിന്റെ പുരാതന ഡിഎൻഎയും ക്ലോണിങും ജീൻ എഡിറ്റിങ്ങുമാണ് കൊളോസൽ ബയോസയൻസസ് എന്ന കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഡയർ വൂൾഫുകളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവായ ഗ്രേ വൂൾഫിന്റെ ഡിഎൻഎയും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രണ്ട് ചെന്നായകുഞ്ഞുങ്ങളും ആരോഗ്യത്തോടെയാണ് ഉള്ളത്. നിലവിൽ 2000 ഏക്കർ വരുന്ന ഭൂപ്രദേശത്താണ് ചെന്നായകുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിട്ടുമുണ്ട്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണക്യാമറകളും ഇവയെ നിരീക്ഷിച്ചു വരികയാണ്.

Colossal Biosciences used ancient DNA to birth three dire wolves, which went extinct 13,000 years ago. This is Remus at 15 days old.

ഇവയെ നിരീക്ഷിച്ചതിൽ വച്ച് മനസിലായ ഒരു കാര്യം ജീവിച്ചിരിക്കുന്ന മറ്റ് ചെന്നായ് വർഗ്ഗങ്ങളും ഇവയും തമ്മിൽ സ്വഭാവത്തിൽ വ്യത്യാസമുണ്ട് എന്നതാണ്. സാധാരണ നായ്കുട്ടികൾ മനുഷ്യരെ കാണുമ്പോൾ അടുപ്പം കാണിക്കാറുണ്ട്. എന്നാൽ ഇവ അത്തരത്തിൽ അടുപ്പം കാണിക്കുന്നില്ല എന്നതാണ് പ്രത്യേകത. അതിനു പകരം പേടിച്ച് മാറി നിൽക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല, കുഞ്ഞായിരുന്നപ്പോൾ മുതൽ ഇവയെ പരിപാലിക്കുന്നവരോട് പോലും അത്ര അടുപ്പമോ ഒന്നും കാണിക്കുന്നില്ല. ഡയർ വൂൾഫുകളുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണിത്. ഏകാന്തത ഇഷ്ടപ്പെടുന്ന കൂട്ടമാണിത്.

അതേസമയം, വംശനാശം സംഭവിച്ച വൂളി മാമോത്ത്, ഡോഡോകൾ തുടങ്ങിയ ജീവികളോട് സാമ്യമുള്ള മൃഗങ്ങളെ സൃഷ്ടിക്കുന്നതിനായി ജീവജാലങ്ങളിൽ നിന്ന് കോശങ്ങളെ വേർതിരിക്കുന്നതിനുള്ള പദ്ധതികൾ കോളോസൽ ബയോസയൻസസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദിമകാലത്തെ വംശനാശം പ്രകൃതിദത്തമായിരുന്നു എന്നും അതിനാൽ ഇത്തരത്തിൽ വംശനാശം സംഭവിച്ച ജീവികളെ തിരികെ കൊണ്ടുവരുന്നത് പ്രകൃതിയുടെ ക്രമത്തിന് ദോഷമാണെന്നും ചിലർ വിമർശിക്കുന്നുണ്ട്.