റോവർ പകർത്തിയ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ റോവർ പകർത്തിയ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. റോവർ സഞ്ചരിച്ച പാടുകൾ ചിത്രങ്ങളിൽ വ്യക്തമാണ്. ദക്ഷിണധ്രുവത്തിലെ സമതല പ്രദേശം വ്യക്തമായി ചിത്രങ്ങളിൽ കാണാം.

നാല് മീറ്റർ വ്യാസമുള്ള വലിയ കുഴി കണ്ടതിനെ തുടർന്ന് റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആർഒ വ്യക്തമാക്കി. ഇപ്പോൾ പുതിയ പാതയിലൂടെയാണ് റോവർ സഞ്ചരിക്കുന്നത്.

കഴിഞ്ഞ ദിവസം വിക്രം ലാൻഡറിൽനിന്നു ചന്ദ്രന്റെ മണ്ണിലേക്കിറങ്ങിയ പ്രഗ്യാൻ റോവർ 8 മീറ്റർ സഞ്ചരിച്ചതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തിൽ വളരെ കുറഞ്ഞ വേഗത്തിലാണ് റോവർ സഞ്ചരിക്കുന്നത്.

ദക്ഷിണധ്രുവത്തിലെ താപവ്യതിയാനം പഠിച്ച ചന്ദ്രയാൻ-3 കഴിഞ്ഞ ദിവസം വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ചന്ദ്രന്‍റെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില.

ഓരോ സെന്‍റിമീറ്റർ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റീമീറ്റർ ആഴത്തിലെത്തുമ്പോൾ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസിലെത്തുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്.