അയർലൻഡ് വനിതകൾക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ 116 റൺസിന്റെ വിജയത്തോടെയാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്മൃതി മന്ദാനയും സംഘവും വനിത ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ ആണ് അടിച്ചെടുത്തത്. നിശ്ചിത 50 ഓവറിൽ ഇന്ത്യൻ വനിതകൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 370 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് വനിതകൾക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുക്കാനേ സാധിച്ചുള്ളു.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജമീമ റോഡ്രിഗസ് കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടി. ഇന്ത്യൻ നിരയിലെ ആദ്യ നാല് താരങ്ങൾ 50 റൺസിന് മുകളിൽ സ്കോർ ചെയ്തു. സ്മൃതി മന്ദാന 73, പ്രതിക റാവൽ 67, ഹർലീൻ ഡിയോൾ 89, ജമീമ റോഡ്രിഗസ് 102 എന്നിങ്ങനെയാണ് ആദ്യ നാല് താരങ്ങളുടെ സ്കോറുകൾ.
Read more
മറുപടി ബാറ്റിങ്ങിൽ അയർലൻഡ് നിരയിൽ 80 റൺസെടുത്ത കൗൾട്ടർ റീലിക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. സാറാ ഫോർബ്സ് 38 റൺസും ലൗറ ഡെലാനി 37 റൺസും നേടി. ഇന്ത്യൻ ബൗളിങ് നിരയിൽ ദീപ്തി ശർമ മൂന്ന് വിക്കറ്റെടുത്തു. പ്രിയ ശർമ രണ്ട് വിക്കറ്റും സ്വന്തമാക്കി.