36 തവണ 5 വിക്കറ്റ് പ്രകടനം, 6 സെഞ്ചുറികൾ; അശ്വിൻ മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് ടീമാടാ ടെസ്റ്റിൽ ഉള്ളത്

രവിചന്ദ്രൻ അശ്വിൻ- ലോക ക്രിക്കറ്റിലെ ഏറ്റവും സ്മാർട്ട് ബ്രെയിൻ എന്ന് താരത്തെ വിളിക്കുന്നത് വെറുതെയല്ല. എതിരാളിയെയും, ഗ്രൗണ്ടിനെയും, പിച്ചിനെയും മനോഹരമായി റീഡ് ചെയ്യുന്ന തന്റെ മികവ് ഈ കാലഘട്ടങ്ങളിലൂടെ എല്ലാം കാണിച്ചിട്ടുള്ള അശ്വിൻ ഇന്ന് ആ മികവ് അതിന്റെ അത്യുന്നതയിൽ കാണിച്ചപ്പോൾ അതിന്റെ ഇമ്പാക്റ്റ് അത്രത്തോളം വലുതായിരുന്നു എന്ന് പറയാം.

അശ്വിനുമായി ബന്ധപ്പെട്ട് ഇന്ന് സംസാരിക്കുമ്പോൾ ഗൗതം ഗംഭീറിന് തെറ്റിയില്ല എന്ന് കൂടി പറയണം. ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ബാറ്റർമാർക്ക് ഒന്നും ചെയ്യാൻ ആകാത്ത സാഹചര്യം വന്നാലും തന്റെ സ്പിൻ ഇരട്ടകളായ അശ്വിൻ ജഡേജ സഖ്യം സഹായിക്കുമെന്ന് പറഞ്ഞത് ശരിയായി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ തുടക്കത്തിലേ തകർച്ചക്ക് ശേഷം തിരിച്ചുവന്നത് അശ്വിൻ- ജഡേജ സഖ്യത്തിന്റെ മികവിൽ. 102 റൺസുമായി അശ്വിൻ തന്റെ വേഗതയേറിയ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ 86 റൺസുമായി രവീന്ദ്ര ജഡേജയും ഇന്ത്യയെ ട്രാക്കിൽ എത്തിച്ചിരിക്കുന്നു. ദിവസം അവസാനിക്കുമ്പോൾ ഇരുവരും പുറത്താകാതെ ക്രീസിൽ തുടർന്ന് ഇന്ത്യയെ 339 – 6 എന്ന നിലയിൽ എത്തിച്ചു .

ടോസ് നഷ്ടപെട്ട ഇന്ത്യക്ക് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോയത്. രോഹിത് 6 റൺ എടുത്ത് മടങ്ങിയപ്പോൾ ഗിൽ പൂജ്യനായി പുറത്തായി. പ്രതീക്ഷ കാണിച്ചെങ്കിലും കോഹ്‌ലി 6 റൺസുമായി നിരാശപ്പെടുത്തി മടങ്ങി. ഓപ്പണർ ജയ്‌സ്വാൾ ആകട്ടെ ക്ലാസ് ശൈലിയിൽ തുടർന്നപ്പോൾ സഹായിക്കാൻ എത്തിയവർക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ പന്ത് 39 റൺ നേടി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ 16 റൺ മാത്രം എടുത്ത രാഹുൽ നിരാശപ്പെടുത്തി.

ചെന്നൈ പിച്ചിൽ അവസാനം നടന്ന ടെസ്റ്റിലും സെഞ്ച്വറി നേടിയ അശ്വിൻ ഇന്നും മോശമാക്കിയില്ല. ബംഗ്ലാ പേസർമാർ ആദ്യ 2 സെക്ഷനിൽ കാണിച്ച പോരാട്ടവീര്യം അശ്വിന്റെ മുന്നിൽ തകർന്നു. ജഡേജ ആകട്ടെ തന്റെ നീണ്ട കാലത്തെ മോശം ഫോമിനോട് വിടപറഞ്ഞ് മനോഹര സ്ട്രോക്കുകൾ കളിച്ചു മുന്നേറി. ഇരുവരും തങ്ങളുടെ പരിചയസമ്പത്ത് നന്നായി ഉപയോഗിച്ചു.

ആദ്യ 2 സെക്ഷനിലും അതിമനോഹരമായി പന്തെറിഞ്ഞ ബംഗ്ലാ ഫാസ്റ്റ് ബോളർമാർ അശ്വിന്റെ തന്ത്രപരമായ ബാറ്റിംഗിന് മുന്നിൽ വീണു. പ്രതികൂല സാഹചര്യത്തിലും താരം കളിച്ച മനോഹര ഇന്നിംഗ്സ് അത്രത്തോളം മികച്ചത് ആയിരുന്നു. വേഗതയേറിയ സെഞ്ച്വറി പിറന്നു എന്നതിനേക്കാൾ ഉപരി അത് വന്ന വഴിക്കാണ് കൈയടികൾ നൽകേണ്ടത്.

36 തവണ 5 വിക്കറ്റ് പ്രകടനവും 6 സെഞ്ചുറികളും ഇതിനകം നേടിയിട്ടുള്ള അശ്വിൻ ഇന്ന് കളിച്ച ഇന്നിങ്സിന് വമ്പൻ സല്യൂട്ട്…