'ഐസിസിക്ക് ബിഗ് സല്യൂട്ട്'; പുരുഷ, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ തുല്യമായ സമ്മാനത്തുക; ചരിത്രപരമായ തീരുമാനമെന്ന് ആരാധകർ

ഈ വർഷം മുതൽ നടക്കാൻ പോകുന്ന ഐസിസി ടൂർണമെന്റുകളിൽ പുരുഷന്മാർക്കും, വനിതകൾക്കും തുല്യമായ സമ്മാനത്തുക നൽകാൻ തീരുമാനം എടുത്ത് ഐസിസി. അടുത്ത മാസം മുതൽ നടക്കാൻ ഇരിക്കുന്ന വനിതകളുടെ ടി-20 ലോകകപ്പ് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

വനിതാ ടി-20 ലോകകപ്പ് വിജയികൾക്ക് 2.34 മില്യൺ ഡോളർ(19.5 കോടി രൂപ) സമ്മാനത്തുകയായി കൊടുക്കാനാണ് ഐസിസിയുടെ തീരുമാനം. ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് വനിതകൾക്ക് ഇത്രയും രൂപയുടെ സമ്മാനത്തുക പ്രഖ്യാപിക്കുന്നത്. ഇതോടെ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായി സമ്മാനത്തുക ലഭിക്കുന്ന ലോകത്തിലെ ഏക കായികമായി ക്രിക്കറ്റ് മാറും.

കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു ഈ തീരുമാനം എടുക്കാൻ ആദ്യമായി ഐസിസി യോഗം വിളിച്ചത്. എന്നാൽ അത് 2030 ഓടെ നടപ്പിലാക്കാനായിരുന്നു ധാരണയായത്. അതിന് ശേഷം ഈ നിയമം പെട്ടന്ന് തന്നെ നടപ്പിലാക്കണം എന്ന് തീരുമാനം അവർ എടുക്കുകയായിരുന്നു. ഐസിസിയുടെ ഈ ചരിത്രപരമായ തീരുമാനത്തെ പ്രശംസിച്ച് ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്.

Read more

ഒക്ടോബർ 3 മുതൽ 20 വരെയാണ് വനിതകളുടെ ടി-20 ലോകകപ്പ് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നത്. മത്സരം നടക്കുന്നത് ഇത്തവണ ഷാർജ യുഎഇ എന്നിവിടങ്ങളിലാണ്. ആദ്യ മത്സരത്തിൽ സ്കോട്ലൻഡും ബംഗ്ലദേശും തമ്മിലാണ് ഏറ്റുമുട്ടുക.