ക്രിക്കറ്റ് കളത്തിലെ കടുത്ത വൈരികളാണ് ഇന്ത്യയും പാക്കിസ്ഥാനും. എങ്കിലും ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ കളത്തിന് പുറത്ത് അടുത്ത സൗഹൃദ കാത്തുസൂക്ഷിക്കാറുണ്ട്. ഹൃദയാഘാതം മൂലം ചികിത്സയിലുള്ള മുന്‍ പാക് താരം ഇന്‍സമാം ഉല്‍ ഹക്കിന് സൗഖ്യം നേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ഇന്‍സി വേഗം സൗഖ്യം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും കളത്തിലെ പോരാളിയും ശാന്തതയും മത്സരക്ഷമതയുമുള്ള ആളായിരുന്നു. ഈ പ്രതിസന്ധിയെയും താങ്കള്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇന്‍സമാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയ ഇന്‍സമാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍സിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്നലത്തെ പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി വ്യക്തമായി. ഇതോടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.