ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റില്‍ ആദ്യ ദിനം സെഞ്ച്വറിയിലൂടെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. സുനില്‍ ഗവാസ്‌കറിന്റെ ബാറ്റിംഗ് വീഡിയോകള്‍ കണ്ടാണ് കളി മെച്ചപ്പെടുത്തിയതെന്ന് മായങ്ക് പറയുന്നു.
ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ബാറ്റ് താഴ്ത്തിപ്പിടിച്ചു കൡാന്‍ ഗവാസ്‌കര്‍ എന്നോട് ആവശ്യപ്പെട്ടു. ബാറ്റ് ഉയര്‍ത്തിപ്പിടിച്ചു കളിക്കുന്ന പ്രവണത എനിക്കുണ്ടായിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ അതില്‍ മാറ്റംവരുത്താന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ബാറ്റ് ചെയ്യുമ്പോള്‍ ഗവാസ്‌കറിന്റെ തോളിന്റെ സ്ഥാനം എങ്ങനെയാണെന്ന് ഞാന്‍ നിരീക്ഷിച്ചു. അതിനു സമാനമായി ഷോള്‍ഡര്‍ പൊസിഷന്‍ ഒരു വശത്തേക്ക് ചരിഞ്ഞ രീതിയിലേക്ക് മാറ്റി- മായങ്ക് പറഞ്ഞു.
ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രാഹുല്‍ ഭായി (ദ്രാവിഡ്) എന്നോട് സംസാരിച്ചു. എന്താണ് കൈയിലുള്ളത് അതിനെ അടക്കിവെയ്ക്കാന്‍ പറഞ്ഞു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നിര്‍ദേശിച്ചു. ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ വലിയ സ്‌കോര്‍ നേടാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. മികച്ച തുടക്കം മുതലാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു.