ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സമീപ കാലത്തുണ്ടാക്കിയ മുന്നേറ്റം ചില്ലറയില്ല. സ്മൃതി മന്ദാനയെയും ഹര്‍മന്‍പ്രീത് കൗറിനെയും ഷഫാലി വര്‍മ്മയെയും പോലുള്ള താരങ്ങളുടെ കടന്നുവരവ് വനിതാ ക്രിക്കറ്റിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. പുതിയ കാലത്തെ താരങ്ങളില്‍ ഏറ്റവും ശ്രദ്ധനേടിയെടുത്തത് വെടിക്കെട്ട് ബാറ്റ്സ്വുമണ് ഷഫാലി വര്‍മ്മയാണ്. വീരേന്ദര്‍ സെവാഗിനോടും വിവ് റിച്ചാര്‍ഡ്സിനോടുമൊക്കെ ഷഫാലി താരതമ്യം ചെയ്യപ്പെട്ടു. എന്നാല്‍ ആരുമായിട്ടുള്ള താരതമ്യവും ഷഫാലി ഇഷ്ടപ്പെടുന്നില്ല. ഒരു പ്രമുഖ ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഷഫാലി മനസുതുറന്നത്.
ഷഫാലി വര്‍മ്മ എന്നു മാത്രം അറിയപ്പെടാനാണ് താല്പര്യം. സ്വന്തംശൈലിയിലൂടെ പേരെടുക്കണം. മറ്റു താരങ്ങളുടെ കളി കാണുകയോ നിരീക്ഷിക്കുകയോ ചെയ്യില്ലെന്ന് അതിന് അര്‍ത്ഥമില്ല. അവരില്‍ നിന്ന് എനിക്ക് ചിലത് പഠിക്കേണ്ടതുണ്ട്. എന്നാല്‍ ആരുടെ സ്റ്റൈലും കോപ്പിയടിക്കാനില്ല- ഷഫാലി പറഞ്ഞു.
സ്വന്തം പേരില്‍ അറിയപ്പെടണം. മറ്റൊരാളുടെ ക്ലോണ്‍ ആകാനില്ല. പക്ഷേ, വീരേന്ദര്‍ സെവാഗിനോട് താരതമ്യം ചെയ്യുന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നില്ലെന്നും ഷഫാലി പറഞ്ഞു. ആക്രമണോത്സുകത മുഖമുദ്രയാക്കിയ താരമാണ് ഷഫാലി. അതിനാല്‍ അവര്‍ സെവാഗിനോട് താരതമ്യം ചെയ്യപ്പെടുന്നു. വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സിന്റെ ബാറ്റിംഗ് കാണാനും ഷഫാലിയോട് ചിലര്‍ ആവശ്യപ്പെട്ടിരുന്നു.