ഒരൊറ്റ മത്സരത്തിൽ നാണക്കേടിന്റെ റെക്കോഡ് അനവധി, ഇന്ത്യക്ക് കിട്ടിയത് വമ്പൻ അപമാനം; ട്രോളുകളിൽ നിറഞ്ഞ് രോഹിതും പിള്ളേരും

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വ്യാഴാഴ്ച (ഒക്ടോബർ 17) ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യ ദിനം മഴ മൂലം മുടങ്ങിയതിന് ശേഷം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ രണ്ടാം ദിവസം കളി പുനരാരംഭിച്ചു. വെറും 46 റൺസിനാണ് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചത്. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇത്. കൂടാതെ സ്വന്തം മണ്ണിൽ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറും .

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പാളി പോയെന്ന് തുടക്കം തന്നെ വ്യക്തമായിരുന്നു. കിവി ബോളർമാർ സാഹചര്യം നന്നായി മുതലെടുത്ത് പന്തെറിഞ്ഞപ്പോൾ 2 റൺ എടുത്ത രോഹിത്തിന്റെ വിക്കറ്റാണ് നഷ്ടമായത്. തൊട്ടുപിന്നാലെ 8 വർഷത്തിന് ശേഷം മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്‌ലി റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ സർഫ്രാസും പൂജ്യനായി തന്നെ മടങ്ങി. ശേഷം ജയ്‌സ്വാളും പന്തും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും 13 റൺ എടുത്ത് ജയ്‌സ്വാൾ മടങ്ങിയതോടെ ആ പ്രതീക്ഷയും പോയി.

തൊട്ടുപിന്നാലെ ക്രീസിൽ എത്തിയ രാഹുലും അതിന് ശേഷം എത്തിയ ജഡേജയും പൂജ്യനായി മടങ്ങി. ലഞ്ച് ബ്രേക്ക് ഇടവേളക്ക് ശേഷമെത്തിയപ്പോൾ ആദ്യ പന്തിൽ തന്നെ അശ്വിനും പൂജ്യനായി മടങ്ങി. ഇതോടെ പൂജ്യനായി മടങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റർ ആയി താരം മാറി. 20 റൺ എടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സൂപ്പർ താരം ജസ്പ്രീത് ബുംറ 1 റൺ എടുത്താണ് പുറത്തായിരിക്കുന്നത്. ഒടുവിൽ സിറാജ് 4 റൺ എടുത്ത് മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

ഇന്നത്തെ ഇന്നിങ്സിന് ശേഷം പിറന്ന ചില റെക്കോഡുകൾ നോക്കാം;

1 ഹോം ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സ്

ന്യൂസിലൻഡിനെതിരായ അവരുടെ നിരാശാജനകമായ പ്രകടനത്തോടെ, സ്വന്തം തട്ടകത്തിൽ അവരുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറാണ് ഇന്ത്യ രേഖപ്പെടുത്തിയത്. 1987ൽ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 75 റൺസാണ് അവരുടെ മുമ്പത്തെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ.

2 ഒരു ഹോം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഏഴ് പൊസിഷനിൽ ഏറ്റവും കൂടുതൽ ഡക്കുകൾ

വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് മത്സരത്തിൽ അക്കൗണ്ട് തുറക്കാനായില്ല, ഇത് ഇന്ത്യൻ ടീം അനാവശ്യ റെക്കോർഡ് സൃഷ്ടിച്ചു. ഇത്രയും താരങ്ങൾ ഒരു മത്സരത്തിൽ അക്കൗണ്ട് തുറക്കാതെ മടങ്ങുന്നത് ഇത് ആദ്യമാണ്.

3 ഒരു ഹോം ടെസ്റ്റിൽ ഇന്ത്യയുടെ ടോപ് ഓർഡർ എടുക്കുന്ന ഏറ്റവും ചെറിയ സ്കോർ

യശസ്വി ജയ്‌സ്വാൾ (13), രോഹിത് ശർമ (2), വിരാട് കോഹ്‌ലി (0), സർഫറാസ് ഖാൻ (0) എന്നിവരടങ്ങുന്ന ഇന്ത്യയുടെ ടോപ് ഫോറിൻ 15 റൺസ് മാത്രമേ എടുക്കാനായുള്ളൂ. സ്വന്തം തട്ടകത്തിൽ ഇതും ഒരു നാണംകെട്ട റെക്കോഡാണ്.

4 ഏഷ്യയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടൽ

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറാണ് രേഖപ്പെടുത്തിയത്. 1986ൽ ഫൈസലാബാദിൽ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിൻ്റെ 53 റൺസിൻ്റെ റെക്കോർഡാണ് അവർ തകർത്തത്.