സഞ്ജു നേടിയ ഒരു റൺ ഞങ്ങളെ വിജയത്തിലെത്താൻ സഹായിച്ചു, അയർലൻഡ് നിസാര എതിരാളികൾ അല്ല; തുറന്നടിച്ച് രവി ബിഷ്ണോയ്

ടി20 ഫോർമാറ്റിന്റെ അപ്രവചനീയ സ്വഭാവം എന്തണെന്ന് ആരാധകർക്ക് മനസിലായില്ലെങ്കിൽ ഇന്നലത്തെ അയർലൻഡ് – ഇന്ത്യ മത്സരം കാണിച്ചുകൊടുക്കണം. ഓരോ റൺസും എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് അത് കണ്ടാൽ നമുക്ക് മനസിലാകൂ. അയർലൻഡ് ഉയർത്തിയ 140 റൺ പിന്തുടരുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലം ആയിരുന്നു. എന്നാൽ മഴ പെയ്തതോടെ കളി എങ്ങോട്ട് വേണമെങ്കിലും തിരിയാം എന്ന അവസ്ഥയിൽ എത്തി. മഴ എത്തിയപ്പോൾ നിത്യമപ്രകാരം ഇന്ത്യ 2 റൺസിന് മുന്നിൽ ആയിരുന്നു. അതേക്കുറിച്ചാണ് രവി ബിഷ്‌ണോയി മത്സരശേഷം പറഞ്ഞത്

ടോസ് നേടിയ ബുംറ ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് മാസാക്കി നായകൻ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ആദ്യ ഓവറിൽ തന്നെ ബുംറ 2 ഐറിഷ് വിക്കറ്റുകൾ കൊയ്തപ്പോൾ തങ്ങളുടെ ഏറ്റവും മികച്ച താരം തിരിച്ചുവരവ് മികച്ചതാക്കിയതിന്റെ സന്തോഷമായിരുന്നു ഇന്ത്യൻ ആരാധകർക്ക്. പിന്നെ കണ്ടത് ഐറിഷ് താരങ്ങൾ പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്ന കാഴ്ച്ച ആയിരുന്നു. ഇന്ത്യൻ ബോളറുമാരുടെ മികവിന് മുന്നിൽ ആർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല എന്ന് തന്നെ പറയാം. ക്രീസിൽ ഉറച്ച ബാരി മക്കാർത്തി (33 പന്തിൽ പുറത്താവാതെ 51) ക്വേർടിസ് കാംഫെർ (39), എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവർ ബുംറയെ കൂടാതെ 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അർശ്ദീപ് സിങ് 1 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യൻ മറുപടി വളരെ പതുക്കെ ആയിരുന്നു. സാഹചര്യങ്ങൾ മനസിലാക്കിയുള്ള ബാറ്റിംഗ് ആയിരുന്നു ജയ്‌സ്വാൾ – റുതുരാജ് സഖ്യം നടത്തിയത്. യശസ്വി ജയ്‌സ്വാൾ (24), റുതുരാജ് ഗെയ്കവാദ് (പുറത്താവാതെ 19) ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടിചേർത്തു. അടുത്തടുത്ത പന്തുകളിൽ ജെയ്‌സ്വാളും തിലക് വർമയും (0) പുറത്തായെങ്കിലും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. സഞ്ജു സാംസൺ (1 ) പുറത്താകാതെ നിന്നു. എന്തായാലും നേടിയ ഓരോ റണ്ണും ഇന്ത്യയുടെ വിജയത്തിൽ സഹായിച്ചു.

“അയർലൻഡ് മികച്ച പ്രകടനമാണ് (ടി20യിൽ) നടത്തുന്നത്. ടി20 ഫോർമാറ്റിൽ ആരെയും നിസ്സാരമായി കാണാനാകില്ല. ഒരു ഓവർ കളി ഗതി മാറ്റിമറിക്കാം. അവസാന ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായില്ലായിരുന്നെങ്കിൽ 12 റൺസിന്റെ വ്യത്യാസം വരുമായിരുന്നു. സഞ്ജു ഭയ്യയുടെ ഒരു റൺ ഞങ്ങളെ കളി ജയിപ്പിച്ചു. ഹ്രസ്വ ഫോർമാറ്റിൽ ദുർബ്ബലരോ ശക്തരോ ആയ ടീമില്ല,” ബിഷ്‌ണോയ് പറഞ്ഞു.

താരം പറഞ്ഞത് പോലെ തന്നെ വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം ഇന്ത്യ പ്രാധാന്യത്തോടെ തന്നെ കാണണം എന്നതാണ് ആരാധകരും പറയുന്നത് .