ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് സൂപ്പര്‍താരമായ പ്ലെയറാണ് യശസ്വി ജയ്‌സ്വാള്‍. ഐപിഎലിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി വരെ എത്തിനില്‍ക്കുന്നതാണ് ജയ്‌സ്വാളിന്റെ വളര്‍ച്ച. ഇത്തവണ സഞ്ജു സാംസണിനൊപ്പം 18 കോടി കൊടുത്ത് തന്നെയാണ് ജയ്‌സ്വാളിനെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. എന്നാല്‍ ഈ സീസണില്‍ ടീമിനായി കാര്യമായി സ്‌കോര്‍ ചെയ്യാന്‍ ജയ്‌സ്വാളിന് ഇതുവരെ സാധിച്ചിട്ടില്ല. മികച്ചൊരു ഇന്നിങ്‌സ് യശസ്വിയില്‍ നിന്നും ഉണ്ടാവാത്തതില്‍ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചിരുന്നു.
പഞ്ചാബുമായുളള മത്സരത്തില്‍ യുവതാരത്തിന്റെ പ്രകടനത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് ചോപ്ര പറയുന്നു. “കഴിഞ്ഞ മത്സരം രാജസ്ഥാന് ഏതാണ്ട് പെര്‍ഫക്ടായ ഒരു മത്സരമായിരുന്നു. എന്നിരുന്നാലും യശസ്വി ജയ്‌സ്വാള്‍ ഇതുവരെ റണ്‍സ് നേടിയിട്ടില്ല. ഓപ്പണര്‍മാര്‍ റണ്‍സ് നേടേണ്ടതിനാല്‍ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരേണ്ടത് വളരെ പ്രധാനമാണ്. ഇതുവരെ ഒരു മികച്ച ഇന്നിങ്‌സ് പോലും ജയ്‌സ്വാളില്‍ നിന്നുണ്ടായിട്ടില്ല. അതിനാല്‍ എന്റെ ശ്രദ്ധ ഇന്ന് യശ്വസി എങ്ങനെ കളിക്കുമെന്നതില്‍ ആയിരിക്കും, ആകാശ് ചോപ്ര പറഞ്ഞു.
ഐപിഎലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുക. സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം ശ്രേയസ് അയ്യറിന്റെ കീഴില്‍ മികച്ച മുന്നേറ്റമാണ് ടൂര്‍ണമെന്റില്‍ പഞ്ചാബ് കിങ്‌സ് കാഴ്ചവയ്ക്കുന്നത്. കളിച്ച രണ്ട് കളിയും വിജയിച്ചാണ് ഇത്തവണ പഞ്ചാബ് എത്തുന്നത്.