സച്ചിനോ, ധോണിയോ, കോഹ്‌ലിയോ അല്ല!, തന്നെ ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിച്ച 2011 ലോകകപ്പ് ജേതാവാരെന്ന് പറഞ്ഞ് അഭിഷേക് ശര്‍മ്മ

അടുത്തിടെ സമാപിച്ച സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ അവിശ്വസനീയമായ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ഐപിഎല്‍ ഹീറോ അഭിഷേക് ശര്‍മ്മ. ഇപ്പോഴിതാ ക്രിക്കറ്റില്‍ തന്റെ ആരാധനാപാത്രം ആരാണെന്നും ഏത് കളിക്കാരനാണ് തന്നെ കായികരംഗത്തേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചതെന്നും വെളിപ്പെടുത്തിരിക്കുകയാണ് താരം.

2007 ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ യുവരാജ് സിംഗ് നടത്തിയ പ്രകടനം കായികരംഗത്തേക്ക് വരാന്‍ തനിക്ക് പ്രചോദനമായെന്ന് അഭിഷേക് വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ചരിത്രവിജയം നേടിയപ്പോള്‍ യുവരാജായിരുന്നു ഷോയിലെ താരം. സൂപ്പര്‍ 8 സ്റ്റേജില്‍ ഇംഗ്ലണ്ടിനെതിരായ ഡൂ-ഓര്‍-ഡൈ പോരാട്ടത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറില്‍ ആറ് സിക്സറുകള്‍ നേടി യുവരാജ് ചരിത്രമെഴുതി. സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 30 പന്തില്‍ 70 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.

രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് എനിക്ക് 16 വയസ്സായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്, അവിടെ അദ്ദേഹം 800-900 റണ്‍സ് സ്‌കോര്‍ ചെയ്തു. അവന്‍ എപ്പോഴും എന്റെ ആരാധ്യനായിരുന്നു. 2007-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം സ്പോര്‍ട്സില്‍ ഏര്‍പ്പെടാന്‍ എനിക്ക് പ്രചോദനമായി. അവനെപ്പോലെ ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കി- അഭിഷേക് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച്വിന്നര്‍മാരില്‍ ഒരാളാണ് യുവരാജ് സിംഗ്. 2007 ലെ വിജയത്തിലെ പ്രധാന പങ്കു വഹിച്ചതിന് ശേഷം, 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും അതിശയിപ്പിച്ച താരം ഓള്‍റൗണ്ട് ഷോയിലൂടെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.