ക്ലാസനെ പുറത്താക്കിയതിന് ശേഷം സഹതാരങ്ങളോട് ആ പ്രവർത്തി ചെയ്യാൻ ഞാൻ പറഞ്ഞു, വേറെ വഴിയില്ലായിരുന്നു ജയിക്കാൻ: രോഹിത് ശർമ്മ

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 2024 ടി20 ലോകകപ്പ് ഫൈനലിന്റെ അവസാന സമയങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറഞ്ഞ് മുൻ ടീം ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശനിയാഴ്ച നെറ്റ്ഫ്ലിക്സിൽ ഷോ സംപ്രേക്ഷണം ചെയ്തിരുന്നു. രോഹിത്തിന്റെ ക്ലിപ്പുകൾ ഇൻ്റർനെറ്റിൽ പ്രചരിച്ചു.

ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും ക്രീസിൽ നിൽക്കുന്ന സമയത്ത് കളി ഇന്ത്യയുടെ ഭാഗത്ത് തന്നെ ആയിരുന്നു. ആ സമയത്ത് രോഹിത് ശർമ്മ അക്സർ പട്ടേലിന് പന്ത് നൽകുക ആയിരുന്നു. സ്പിന്നർ 24 റൺസ് ആണ് വഴങ്ങിയത്. അതോടെ ലക്‌ഷ്യം 30 പന്തിൽ 30 റൺസായി കുറഞ്ഞു. മത്സരം ദക്ഷിണാഫ്രിക്കയുടെ കൈലായി. എന്നാൽ ഋഷഭ് പന്തിന് ഒരു ചെറിയ പരിക്ക് പറ്റിയ സമയം അദ്ദേഹം നന്നായി ഉപയോഗിക്കുകയും ആ സമയം ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സമ്മർദ്ദം കൂടുകയും ചെയ്തു. ഹാർദിക് പാണ്ഡ്യ ആകട്ടെ 16-ാം ഓവറിലെ ആദ്യ പന്തിൽ ക്ലാസനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു.

ആ മുന്നേറ്റത്തിന് ശേഷം യൂണിറ്റിനുള്ളിൽ നടന്ന സംഭാഷണങ്ങൾ രോഹിത് വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു:

“ആ ഓവറിൽ ഹാർദിക് ക്ലാസനെ പുറത്താക്കി, അന്നുമുതൽ ദക്ഷിണാഫ്രിക്കയ്‌ക്ക് മേൽ സമ്മർദ്ദം വർദ്ധിച്ചു. തുടർന്ന് ഞങ്ങളുടെ താരങ്ങൾ ഒത്തുകൂടി അവരുടെ ബാറ്ററുകൾ സ്ലെഡ്ജ് ചെയ്യാൻ തുടങ്ങി, അതിൻ്റെ വിശദാംശങ്ങൾ എനിക്ക് ഇവിടെ വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങൾക്ക് അത് അത്യാവശ്യമായിരുന്നു. എന്ത് വില കൊടുത്തും ജയിക്കാൻ അത് വേണമായിരുന്നു.”

അതിനോട് ചേർത്ത് അദ്ദേഹം പറഞ്ഞു:

“ടി20 ലോകകപ്പ് വിജയിക്കാൻ, ഞങ്ങൾക്ക് ചില കാര്യങ്ങൾ കൂടി ചേരണമായിരുന്നു. അതുകൊണ്ടാണ് കുട്ടികളോട് അവർക്ക് തോന്നുന്നതെന്തും പറയാൻ ഞാൻ പറഞ്ഞത്”

മത്സരത്തിൽ ഏഴ് റൺസിന് വിജയിച്ച ഇന്ത്യ രണ്ടാം തവണയും ടി20 ലോകകപ്പ് സ്വന്തമാക്കി. 2007-ൽ നടന്ന ആദ്യ പതിപ്പിൽ ഇന്ത്യ ആയിരുന്നു ജയിച്ചിരുന്നത്. ഇപ്പോൾ ഇംഗ്ലണ്ടിനും വെസ്റ്റ് ഇൻഡീസിനും ഒപ്പം രണ്ട് കിരീടങ്ങൾ വീതമുള്ള മത്സര ചരിത്രത്തിലെ ഏറ്റവും വിജയകരമായ സംയുക്ത ടീമാണ്.