ടെസ്റ്റിൽ സ്ഥാനം പോയതിന് പിന്നാലെ ഏകദിനത്തിലും രോഹിത്തിന് തിരിച്ചടി, പുതിയ ക്യാപ്റ്റൻ ആ താരം; സൂര്യകുമാറും ഗില്ലും എല്ലാം സാധ്യത ലിസ്റ്റിൽ നിന്ന് പുറത്ത്

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഈ കാലയളവിൽ നേരിട്ടത്. ബോർഡർ- ഗവാസ്‌ക്കർ പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങളിൽ എല്ലാം അതിദയനീയ പ്രകടനമാണ് രോഹിത് നടത്തിയത്. ഇതിന്റെ ഫലമായി സിഡ്‌നിയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ അഞ്ചാം ടെസ്റ്റിനുള്ള ഇലവനിൽ നിന്ന് നായകനെ ടീം പുറത്താക്കി.

റിപ്പോർട്ടുകൾ പ്രകാരം, രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് പുറത്തായതോടെ, ഏകദിന ക്രിക്കറ്റിലും ബിസിസിഐ നേതൃത്വ സാധ്യതകൾ ചോദ്യം ചെയ്യും. 50 ഓവർ ഫോർമാറ്റിൽ ക്യാപ്റ്റൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ സ്ഥാനവും ഉടൻ തന്നെ തെറിക്കും എന്ന് ഉറപ്പാണ്. ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് നേതൃസ്ഥാനം നൽകുമെന്നാണ് വിവരം. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള സാധ്യതയുള്ള ആളായി ബിസിസിഐ ഓൾറൗണ്ടറെ കാണുന്നു.

മൈഖെൽ നൗവിനോട് സംസാരിച്ച ബിസിസിഐ വൃത്തങ്ങൾ ഇങ്ങനെ പറഞ്ഞു: “ഉയർന്ന സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ നയിക്കാനുള്ള കഴിവ് ഹാർദിക്കിനുണ്ട്, കൂടാതെ ഒരു ഓൾറൗണ്ടറും ലീഡറും എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അനുഭവം അദ്ദേഹത്തെ ചാമ്പ്യൻസ് ട്രോഫി പോലുള്ള ഐസിസി ടൂർണമെൻ്റിന് അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.”

തൻ്റെ മോശം റെക്കോർഡ് കാരണം ടി20 ഐ നായകൻ സൂര്യകുമാർ യാദവ് ഏകദിനത്തിലും ചുമതല ഏറ്റെടുക്കാൻ സാധ്യതയില്ല. ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും ഈ റോളിലേക്ക് പരിഗണിക്കില്ല.