ഭാവി നായകൻ ആക്കുമെന്നൊക്കെ പറഞ്ഞ് മോഹിപ്പിച്ചു, ഇപ്പോൾ ബിസിസിഐ വെറുതെ ആ താരത്തെ പാവയാക്കുന്നു: ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഓഗസ്റ്റ് 14 ബുധനാഴ്ച നാല് ദുലീപ് ട്രോഫി ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർ ഇല്ലെങ്കിലും രവീന്ദ്ര ജഡേജ, കെ എൽ രാഹുൽ, ഋഷഭ് എന്നിവരുൾപ്പെടെ എല്ലാ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ടൂർണമെന്റിന്റെ ഭാഗമായി ഇറങ്ങും. എന്നിരുന്നാലും, ഈ മുതിർന്ന ക്രിക്കറ്റ് താരങ്ങളെ ഒന്നും ക്യാപ്റ്റൻമാരായി തിരഞ്ഞെടുത്തിട്ടില്ല. ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ എന്നിവർക്ക് ബാറ്റൺ ലഭിക്കുകയും ചെയ്തു.

മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര, പന്തിനെ ക്യാപ്റ്റന്മാരിൽ ഒരാളായി ഉൾപ്പെടുത്താത്തത് കണ്ട് അത്ഭുതപ്പെട്ടു. ചോപ്രയുടെ അഭിപ്രായത്തിൽ അത് ഞെട്ടിച്ച തീരുമാനം ആയിപോയി. “ഋഷഭ് പന്ത് ക്യാപ്റ്റനല്ല. അഭിമന്യു ഈശ്വരൻ്റെ ടീമിൽ അവൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിമന്യു ഈശ്വരൻ്റെ ക്യാപ്റ്റൻസിയിലാണ് അദ്ദേഹം കളിക്കുന്നത്, അത് തികച്ചും ശരിയാണ്. എന്നിരുന്നാലും, ഋഷഭ് പന്ത് ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനാർത്ഥിയല്ലേ? ഈ തീരുമാനത്തിൽ ഞാൻ അൽപ്പം ആശ്ചര്യപ്പെടുന്നു,” ചോപ്ര പറഞ്ഞു.

“ഞാൻ വ്യക്തിപരമായി ഇതിനോട് യോജിക്കുന്നില്ല, കാരണം നിങ്ങൾ കണ്ടിട്ടുള്ള ഋഷഭ് പന്തിൻ്റെ ഏറ്റവും മികച്ച അവതാരം ഒരു ടെസ്റ്റ് ക്രിക്കറ്റർ എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏക വിക്കറ്റ് കീപ്പർ. ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, അഭിമന്യു ഈശ്വരൻ എന്നിവരും ക്യാപ്റ്റൻമാരാണ്, പക്ഷേ പന്ത് ക്യാപ്റ്റനല്ല, അത് എൻ്റെ അഭിപ്രായത്തിൽ ഒരു വലിയ മണ്ടത്തരമായി പോയി ”അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വാഹനാപകടം കഴിഞ്ഞതിന് ശേഷം പന്ത് ഇതുവരെ ടെസ്റ്റ് മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ല. അടുത്തത് അദ്ദേഹത്തെ കാണാൻ സാധിക്കുക ബംഗ്ലാദേശിന് എതിരെയുള്ള പരമ്പരയിൽ ആയിരിക്കും.