ഏഷ്യന്‍ ഗെയിംസ്: വെടിക്കെട്ട് പ്രകടനവുമായി തിലക് വര്‍മ; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.

26 പന്തില്‍ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 55 റണ്‍സെടുത്ത് തിലക് വര്‍മ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്തു. യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തോ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് താരങ്ങള്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍.

മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു.