'ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര കേസ്'; കേസ് കൊടുത്ത അച്ഛന്‍ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസുകാരും കുടുങ്ങും

ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിചിത്ര കേസ് എടുത്ത പൊലീസിന് എതിരെ അന്വേഷണത്തിന് ഉന്നത പൊലീസ് വൃന്തങ്ങളില്‍ നിന്ന് നിര്‍ദ്ദേശം. ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ കേസ് എടുത്ത പോലീസ് നടപടി അന്വേഷിക്കുവാനാണ് തൃശൂര്‍ ജില്ലാ പോലീസ് മേധാവി ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് എതിരെയാണ് വിചിത്രമായ പരാതി നല്‍കിയതും കൊടുങ്ങല്ലൂര്‍ പൊലീസ് പ്രാഥമിക അന്വേഷണത്തിന് മുതിരാതെ കേസ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ ജില്ലാ പോലീസ് മേധാവി പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണത്തിന് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി.യെയാണ് ചുമതലപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ പൊലീസിന് ലഭിച്ച ആസൂത്രിതമായ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതിയിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് പോലീസ് നല്‍കിയതെന്ന് ഹെക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ചൂണ്ടിക്കാണിച്ചു. അതിനാല്‍ കേസ് എടുത്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് അഡ്വ . കുളത്തൂര്‍ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു . പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവി ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. യെ ചുമതലപ്പെടുത്തിയത്.

ഹൈക്കോടതിയ്ക്ക് മുന്നില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കുഞ്ഞിന്റെ അമ്മ എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ പോലീസ് അമ്മയ്ക്ക് എതിരെ പോക്‌സോ ആക്ട് പ്രകാരം കേസ് ചുമത്തിയത്. മുലകുടി മാറാത്ത കുഞ്ഞിനെയാണ് ഭാര്യ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് പരാതിപ്പെട്ടത്. ഇവര്‍ തമ്മില്‍ കുഞ്ഞിന്റെ കസ്റ്റഡി സംബന്ധിച്ച തര്‍ക്കവും നടക്കുന്നതിനിടയിലാണ് ആസൂത്രിത പരാതി ഉണ്ടായത്. ഈ സംഭവങ്ങളൊന്നും പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെയാണ് ഒന്നര വയസുകാരിയുടെ അമ്മയ്ക്ക് മേല്‍ കൊടുങ്ങല്ലൂര്‍ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്.

കുഞ്ഞിന്റെ അമ്മയെ പ്രതിയാക്കിയതോടെ അവര്‍ ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഇത്തരം കേസ് വിശ്വസിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിമര്‍ശിക്കുകയും പൊലീസിനെതിരെ ശക്തമായ ഭാഷയില്‍ കോടതി താക്കീത് നല്‍കുകയും ചെയ്തു. ഒന്നരവയസു മാത്രം ഉള്ള കുഞ്ഞിനെ അതും പെണ്‍കുഞ്ഞിനെ ലൈംഗികമായി അമ്മ പീഡിപ്പിച്ചെന്ന കുഞ്ഞിന്റെ അച്ഛന്റെ പരാതി വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയില്‍ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

ആസൂത്രിതമായ പരാതിയാണ് പൊലീസില്‍ കുഞ്ഞിന്റെ അച്ഛന്‍ നല്‍കിയതെന്ന സംശയം ബലപ്പെട്ടതോടെ പരാതി വ്യാജമെന്ന് തെളിഞ്ഞാന്‍ കുഞ്ഞിന്റെ അച്ഛനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ജിക്കാരിയും ഭര്‍ത്താവും തമ്മില്‍ വൈവാഹിക തര്‍ക്കത്തിന് പുറമെ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ടെന്നിരിക്കെയാണ് കുട്ടിക്ക് നേരെ യുവതിയില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഭര്‍ത്താവ് പരാതി നല്‍കിയത്. കുട്ടിയുടെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി പോക്‌സോ കേസ് തെറ്റെന്ന് തെളിഞ്ഞാല്‍ അച്ഛനെതിരെ നടപടി എടുക്കണമെന്നും പൊലീസിനോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് പൊലീസ് തലത്തിലും അന്വേഷണത്തിന് വഴി ഒരുങ്ങുന്നത്.

Read more

പ്രഥമദൃഷ്ട്യാ സംശയം ജനിപ്പിക്കുന്ന പരാതിയില്‍ അന്വേഷണം നടത്താതെ പോക്‌സോ കേസെടുത്ത നടപടിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസിന് നേര്‍ക്ക് വ്യാപക വിമര്‍ശനം ഉണ്ടായി. ഒന്നര വയസ്സുള്ള മകളെ സ്വന്തം ‘അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ പൊലീസിന് ലഭിച്ച ആസൂത്രിതമായ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതിയിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് പോലീസ് നല്‍കിയതെന്ന് ഹെക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ചൂണ്ടിക്കാണിച്ചു.