ട്രിപ്പിള്‍ സെഞ്ച്വറിയും കടന്ന് വാര്‍ണര്‍ കുതിയ്ക്കുന്നു, ലാറയുടെ റെക്കോര്‍ഡ് തകരുമോ?

പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. ട്രിപ്പിള്‍ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന ഡേവിഡ് വാര്‍ണറുടേയും സെഞ്ച്വറി നേടിയ ലുബുസ്‌ചെയ്ഞ്ചിന്റേയും മികവിലാണ് ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക് കുതിയ്ക്കുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 589 റണ്‍സ് എന്ന നിലയിലാണ്.

ഡേവിഡ് വാര്‍ണര്‍ 335 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. 418 പന്തില്‍ 39 ഫോറും ഒരു സിക്‌സും സഹിതമാണ് വാര്‍ണറുടെ ഇന്നിംഗ്‌സ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു താരം നേടുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണിത്. വാര്‍ണറുടെ കരിയറിലെ തന്നെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ ബ്രയാന്‍ ലാറയുടെ 400 റണ്‍സ് വാര്‍ണര്‍ മറികടയ്ക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

ഓസ്‌ട്രേലിയക്കായി ലുബുസ്‌ചെയ്ഞ്ച് 162 റണ്‍സ് നേടി. 238 പന്തില്‍ 22 ഫോര്‍ സഹിതമാണ് ലുബുസ്‌ചെയ്ഞ്ച് രണ്ടാം ടെസ്റ്റിലും തുടര്‍ച്ചയായ സെഞ്ച്വറി നേടിയത്. ബുംസ് (4) സ്മിത്ത് (36) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. 38 റണ്‍സുമായി വൈഡ് ആണ് വാര്‍ണര്‍ക്ക് കൂട്ടായി ക്രീസില്‍.

പാകിസ്ഥാനായി മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദിയാണ്. നേരത്തെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയിരുന്നു.