ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അവിശ്വസനീയ വിജയം നേടി ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടം സ്വന്തമാക്കി. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന്‍ യുവനിരയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32.4 ഓവറല്‍ കേവളം 106 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 101ന് പുറത്തായി. ഇതോടെ ഇന്ത്യ അമ്പരപ്പിക്കുന്ന ജയം സ്വന്തമാക്കി.
എട്ട് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അതര്‍വാ അങ്കോലേക്കറും അഞ്ച് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആകാഷ് സിംഗുമാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്.
ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് നാലിന് 16 റണ്‍സ് എന്ന നിലയിലും എട്ടിന് 78 റണ്‍സ് എന്ന നിലയിലും തകര്‍ന്നെങ്കിലും പിന്നീട് അവര്‍ക്ക് പ്രതീക്ഷ നല്കി തന്‍സിം – റാഗിബ് സഖ്യം 101ന് എട്ട് എന്ന നിലയില്‍ അവരെ എത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ ആറ് റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ ഏഷ്യ കപ്പ് കിരീടം ബംഗ്ലാദേശിനെ തേടിയെത്തും എന്ന സ്ഥിതി വന്നു. എന്നാല്‍ അടുത്ത തന്റെ ഓവറില്‍ അങ്കോലേക്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് മോഹം വീണുടയുകയായിരുന്നു.
Read more
ഇന്ത്യയ്ക്കായി നായകന് ദ്യുവ് ജൂറെല്ലും കറന് ലാലും മാത്രമാണ് പിടിച്ചു നിന്നത്. ദ്യുവ് 33ഉം കരന് 37ഉം റണ്‍സെടുത്തു. 19 റണ്‍സെടുത്ത റാവത്താണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്.