സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. യുവ ഓള്‍റൗണ്ടര്‍ 7 ഇന്നിംഗ്സുകളില്‍ നിന്ന് 49 ശരാശരിയില്‍ ഒരു സെഞ്ച്വറിയോടെ 294 റണ്‍സ് നേടിയിട്ടുണ്ട്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ 11 ഫോറുകളും ഒരു സിക്സും സഹിതം 114 റണ്‍സ് താരം നേടിയിരുന്നു. ക്ലാര്‍ക്ക് യുവതാരത്തെ പ്രതിഭയെന്ന് വിളിക്കുകയും നിതീഷ് സിഡ്നിയില്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് പരാമര്‍ശിക്കുകയും ചെയ്തു.
എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ഈ കൊച്ചുകുട്ടി ഒരു പ്രതിഭയാണ്. അവന്‍ 6 അല്ലെങ്കില്‍ 7 ന് ബാറ്റ് ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് വെറും 21 വയസ്സ് മാത്രമാണ് പ്രായം. അയാള്‍ അണ്ടര്‍ റേറ്റഡ് താരമാണ്. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അദ്ദേഹം മികച്ച ഓപ്ഷനാണ്- ക്ലാര്‍ക്ക് പറഞ്ഞു.
അദ്ദേഹം ഒരു ഓസ്ട്രേലിയന്‍ ബോളറെയും ഭയപ്പെടുന്നില്ല. ആവശ്യമുള്ളപ്പോള്‍ ക്ഷമ കാണിക്കുകയും ടെയ്ലന്‍ഡര്‍മാരുമായി ചേര്‍ന്ന് നന്നായി ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിതീഷിന് നന്നായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും കഴിയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാര്‍ നിലവില്‍ ടീം ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ്. ബാറ്റിംഗ് ഓര്‍ഡറിലെ അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം മറ്റൊരു ബോളറെ പ്ലേയിംഗ് യൂണിറ്റില്‍ ചേര്‍ക്കാന്‍ തീരുമാനമെടുക്കുന്നവരെ സഹായിക്കും. ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രിക്കും സമാനമായ അഭിപ്രായമുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സിഡ്നിയില്‍ ഇന്ത്യക്ക് ജയം അനിവാര്യമായതിനാല്‍ ടീം മാനേജ്മെന്റ് ബാറ്റിംഗ് കോമ്പിനേഷന്‍ മാറ്റുമോ എന്ന് കണ്ടറിയണം.