സിനിമയിലെ ബലാത്സംഗങ്ങള്‍ക്കെതിരെ ആദ്യം പ്രതികരിച്ച വ്യക്തിയാണ് ഞാന്‍, എന്റെ സിനിമകള്‍ രക്തരൂക്ഷിതമല്ല, പക്ഷെ മാര്‍ക്കോ..: ബാബു ആന്റണി

‘മാര്‍ക്കോ’ ടീമിനെ അഭിനന്ദിച്ച് നടന്‍ ബാബു ആന്റണി. മാര്‍ക്കോ ഭാഷകളും അതിരുകളും ഭേദിച്ച് മുന്നേറുന്നതില്‍ സന്തോഷമുണ്ട് എന്നാണ് ബാബു ആന്റണി പറയുന്നത്. എന്നാല്‍ താന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. തന്റെ എല്ലാ സിനിമകളും രക്തരൂക്ഷിതമായിരുന്നില്ല, പൂര്‍ണമായും ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അനാവശ്യമായ ബലാത്സംഗങ്ങള്‍, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍ എന്നിവയ്ക്കെതിരെ സിനിമയില്‍ ആദ്യം സംസാരിച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു താന്‍. മാര്‍ക്കോ വയലന്റ് ചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ളതും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതും കൊണ്ട് വയലന്‍സ് കാണാന്‍ താല്‍പര്യമില്ലാത്ത പ്രേക്ഷകര്‍ക്ക് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട് എന്ന് മാര്‍ക്കോ തെളിയിച്ചതില്‍ സന്തോഷം എന്നാണ് ബാബു ആന്റണി പറയുന്നത്.

ബാബു ആന്റണിയുടെ കുറിപ്പ്:

മാര്‍ക്കോ ടീമിന് അഭിനന്ദനങ്ങള്‍. മലയാളം ആക്ഷന്‍ സിനിമയായ ‘മാര്‍ക്കോ’ അതിരുകള്‍ ഭേദിച്ച് വിജയഗാഥ തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഞാന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് വ്യക്തമാക്കട്ടെ. എന്റെ എല്ലാ സിനിമകളും രക്തരൂക്ഷിതമായിരുന്നില്ല, പൂര്‍ണമായും ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അനാവശ്യമായ ബലാത്സംഗങ്ങള്‍, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍ എന്നിവയ്ക്കെതിരെ സിനിമയില്‍ ആദ്യം സംസാരിച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു ഞാന്‍. മാര്‍ക്കോ ഒരു അക്രമ ചിത്രമാണെന്ന് മാര്‍ക്കോയുടെ നിര്‍മ്മാതാക്കള്‍ വ്യക്തമായി പ്രഖ്യാപിച്ചിരുന്നു, സെന്‍സര്‍ ബോര്‍ഡും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്, പരാതികള്‍ക്ക് ഇടമില്ല എന്നു ഞാന്‍ കരുതുന്നു. ചിത്രത്തിലെ അക്രമത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടാകാം, പക്ഷേ ഉണ്ണിയുടെ പ്രകടനത്തെക്കുറിച്ചോ സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ചോ ഒരു പരാതിയും ഞാന്‍ കേട്ടിട്ടും കണ്ടിട്ടുമില്ല.

മാര്‍ക്കോ എന്ന ചിത്രം അതിരുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ ഹനീഫ് അദേനിക്കും അഭിനന്ദനങ്ങള്‍. 2025ല്‍ മലയാള സിനിമകള്‍ക്ക് മികച്ച തുടക്കം തന്നെയാകട്ടെ. പാന്‍ ഇന്ത്യന്‍ ആശയമോ സോഷ്യല്‍ മീഡിയ ഇത്രയും വലിയ വളര്‍ച്ചയോ ഇല്ലാതിരുന്ന സമയത്ത് എന്റെ ഒരു സിനിമ അതിരുകള്‍ ഭേദിച്ച് പുറത്തു പോയിരുന്നു പക്ഷേ അത് റീമേക്കുകള്‍ ആയിരുന്നു. മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത ‘പൂവിന് പുതിയ പൂന്തെന്നല്‍’ ആയിരുന്നു അത്. ആ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള തുടങ്ങിയ ഭാഷകളില്‍ റീമേക്ക് ചെയ്തു. അഞ്ച് ഭാഷാ ചിത്രങ്ങളും ഹിറ്റായി, അത് ഒരു കള്‍ട്ട് സിനിമയായി മാറി. മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്ത എനിക്ക് തന്നെ എല്ലാ ഭാഷകളിലും അതേ വേഷം ചെയ്യാന്‍ അവസരം ലഭിക്കുകയും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വില്ലന്മാരില്‍ ഒരാളായി ഞാന്‍ മാറുകയും ചെയ്തു.

ഒരു ബിഗ് ബജറ്റ് ആക്ഷന്‍ സിനിമ ചെയ്യുക എന്നത് എന്റെ ചിരകാലാഭിലാഷമായിരുന്നു. അത്തരമൊരു ആക്ഷന്‍ സിനിമയ്ക്ക് പരിധിയില്ലാത്ത സ്‌കോപ്പുണ്ടെന്ന് മാര്‍ക്കോ തെളിയിച്ചിരിക്കുന്നു. ബാഹുബലി, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളും അത് തെളിയിച്ചിട്ടുണ്ട്. എന്റെ എല്ലാ ആക്ഷന്‍ സിനിമകളും വളരെ കുറഞ്ഞ ബജറ്റിലാണ് നിര്‍മ്മിച്ചത് അതുകൊണ്ടു തന്നെ സാങ്കേതിക പിന്തുണയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ശരാശരി 6 മണിക്കൂര്‍ കൊണ്ടാണ് ആക്ഷന്‍ സീക്വന്‍സ് ചെയ്തിരുന്നത്. പക്ഷേ, 90കളിലെ കുട്ടികളുടെ ആരാധനാപാത്രമായി ഞാന്‍ മാറിയതില്‍ എനിക്ക് സന്തോഷമുണ്ട്, ആയോധനകലകള്‍ പഠിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ജിമ്മുകളില്‍ ചേരാനും പലരെയും പ്രചോദിപ്പിക്കാനും എനിക്ക് കഴിഞ്ഞു. ഉത്തമന്‍, ട്വെന്റി ട്വെന്റി, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഗ്രാന്‍ഡ്മാസ്റ്റര്‍, ഇടുക്കി ഗോള്‍ഡ്, കാക്ക മുട്ടൈ, അടങ്ക മാറു, കായംകുളം കൊച്ചുണ്ണി, മദനോല്‍സവം, ആര്‍ഡിഎക്‌സ് തുടങ്ങിയ സിനിമകള്‍ അടുത്ത തലമുറയിലും എനിക്ക് മികച്ച അടിത്തറ പാകി.

നല്ലൊരു പ്രോജക്റ്റ് വരുമ്പോള്‍ കോളജ് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താതെ എന്റെ മകന്‍ ആര്‍തറിനെയും സിനിമാമേഖലയില്‍ അവതരിപ്പിക്കാന്‍ പ്ലാന്‍ ചെയ്യുകയാണ്. കുറച്ച് വര്‍ഷങ്ങളായി അവന്‍ അഭിനയത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നേടുന്നുണ്ട്. 2025 ല്‍ എനിക്ക് ഒരു നല്ല ബജറ്റ് സിനിമയില്‍ നായകനായോ സഹനായകനായോ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ഇപ്പോള്‍ ഒരു തടസ്സമല്ല അതുകൊണ്ട് തന്നെ പാന്‍ വേള്‍ഡ് സിനിമകളും ആശയങ്ങളും നമുക്ക് ഏറ്റെടുക്കാന്‍ കഴിയും. ഞാന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ജനുവരി പകുതിയോടെ തമിഴ് സിനിമയായ സര്‍ദാര്‍ 2, മറ്റ് രണ്ട് തമിഴ് സിനിമകള്‍, രണ്ട് മലയാളം സിനിമകള്‍ മറ്റു ഭാഷാ സിനിമകള്‍ എന്നിവയില്‍ ജോയിന്‍ ചെയ്യും. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.