BGT 2024 -25: "ആദ്യം പത്ത് മിനിറ്റെങ്കിലും അവനോട് ക്രീസിൽ നിൽക്കാൻ പറ, ഇല്ലെങ്കിൽ പണി ആകും"; ഇന്ത്യൻ താരത്തെ വിമർശിച്ച് മാത്യു ഹെയ്ഡന്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫി നാളെ പെർത്തിൽ ആരംഭിക്കുകയായി. ഒരുപാട് ക്രിക്കറ്റ് വിദഗ്ദ്ധർ മത്സരവുമായി ബന്ധപ്പെട്ടും താരങ്ങളുടെ നിലവിലെ പ്രകടനത്തെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു. ഇന്ത്യൻ ബാറ്ററായ കെ എൽ രാഹുലിന് വേണ്ട ഉപദേശം നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡന്‍.

മാത്യു ഹെയ്ഡന്‍ പറയുന്നത് ഇങ്ങനെ:

“ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്ട്രോക്ക് പ്ലയെർ ആണ് കെ എൽ രാഹുൽ. നിലവിൽ അദ്ദേഹം മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. മുൻ താരങ്ങളായ ദ്രാവിഡ്- ലക്ഷ്മണ്‍ കൂട്ടുകെട്ടുകൾ പോലെ രാഹുൽ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതിലും കൂടുതല്‍ നേരം ക്രീസില്‍ ചെലവഴിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം”

മാത്യു ഹെയ്ഡന്‍ തുടർന്നു:

“മുൻപത്തെ മത്സരങ്ങൾ പരാജയമായിരുന്നു, പക്ഷെ ക്രീസിൽ കുറെ നേരം നിലയുറപ്പിക്കാതെ ഇതിന് പ്രതിവിധിയില്ല. ഓപണിംഗിൽ ഇറങ്ങി ന്യുബോൾ നേരിടുന്നതിനേക്കാൾ മിഡിൽ ഓർഡറിൽ ഇറങ്ങുന്നതാണ് അദ്ദേഹത്തിന് നല്ലത്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും എന്ന് ഉറപ്പാണ്” മാത്യു ഹെയ്ഡന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിൽ കെ എൽ രാഹുൽ അഞ്ച് ടെസ്റ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. 20.77 ശരാശരിയില്‍ 187 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സിഡ്നിയില്‍ നേടിയ ഒരു സെഞ്ച്വറി മാത്രമാണ് ഇതില്‍ എടുത്തു പറയാനുള്ളത്. നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ രാഹുൽ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. ന്യുസിലാൻഡ് പര്യടനത്തിൽ മോശം പ്രകടനം കാഴ്ച വെച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ഫോമിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്‌മന്റ് ആശങ്കയിലാണ്.

Read more