BGT 2024-25: 'ഞാനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ ഇതവന്റെ അവസാന ടെസ്റ്റാകുമായിരുന്നു'; ഇന്ത്യന്‍ താരത്തെക്കുറിച്ച് മാര്‍ക്ക് വോ

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗില്‍ ബുദ്ധിമുട്ടുകയാണ്. പരമ്പരയില്‍ ഇതുവരെ 22 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഒപ്പം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്നതില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തെ പുറത്താക്കുമെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സ്‌കോര്‍ ചെയ്യാന്‍ രോഹിത് പരാജയപ്പെട്ടാല്‍ താരം വിരമിച്ച് കരിയര്‍ അവസാനിപ്പിക്കണമെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം മാര്‍ക്ക് വോ പറഞ്ഞു.

ഞാനായിരുന്നു ഈ സമയം ഇന്ത്യന്‍ സെലക്ടറെങ്കില്‍ രോഹിത് ശര്‍മക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുമായിരുന്നു. അങ്ങനെ എങ്കില്‍ മെല്‍ബണിലെ രണ്ടാം ഇന്നിംഗ്‌സാണ് ടെസ്റ്റ് കരിയര്‍ തുടരാനുള്ള അവസാന അവസരം. അതിലും നിങ്ങള്‍ പരാജയപ്പെട്ടാല്‍ പിന്നീട് ഒരു അവസരമുണ്ടാകില്ല.

രോഹിത്, താങ്കള്‍ മഹാനായ കളിക്കാരനാണ്, ഇന്ത്യന്‍ ടീമീന് ഇതുവരെ താങ്കള്‍ നല്‍കിയ മഹത്തായ സേവനത്തിന് നന്ദി, ഞങ്ങള്‍ സിഡ്‌നിയില്‍ ബുമ്രയെ നായകനാക്കുകയാണ്, താങ്കള്‍ക്കിനി വിരമിക്കാമെന്ന് തുറന്നുപറയുമായിരുന്നു-മാര്‍ക്ക് വോ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.

സിഡ്‌നിയില്‍ രോഹിത്തിനെ മാറ്റി ജസ്പ്രീത് ബുമ്രയെ നായകനാക്കുമെന്നും വോ പറഞ്ഞു. രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കേണ്ട സമയമായെന്ന് മുന്‍ താരം മൈക്കല്‍ ഹസിയും അഭിപ്രായപ്പെട്ടു.