ഇത്രയും നാളും ഞാൻ നിന്നെയൊക്കെ അഴിച്ചുവിട്ടു, ഇന്ത്യൻ താരങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ ഗൗതം ഗംഭീർ; കളികൾ മാറുന്നു

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൽ സന്ദർശകർക്കെതിരെ ഓസ്‌ട്രേലിയ 184 റൺസിന് വിജയിച്ചതിന് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തൻ്റെ കളിക്കാരോട് ദേഷ്യപ്പെട്ടതായി റിപ്പോർട്ട്. ടീമംഗങ്ങളോട് സംസാരിച്ച അദ്ദേഹം തനിക്ക് മതിയായെന്നും പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഗംഭീർ താരങ്ങളുടെ ആരുടെയും പേര് എടുത്ത് പറഞ്ഞില്ല എങ്കിലും സീനിയർ താരങ്ങൾ അടക്കം വിമർശനം കേട്ടു എന്ന് റിപ്പോർട്ട് വരുന്നു.

കഴിഞ്ഞ ആറ് മാസങ്ങളിൽ ക്രിക്കറ്റ് താരങ്ങൾക്ക് അവർ ആഗ്രഹിച്ചത് ചെയ്യാൻ താൻ അനുവദിച്ചുവെന്നും എന്നാൽ ഇപ്പോൾ മുതൽ തൻ്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നും ഗംഭീർ പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ൽ ഇന്ത്യ 1-2 ന് പിന്നിലാണ്, കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള അവരുടെ യോഗ്യതയും സംശയത്തിലാണ്. അടുത്ത ടെസ്റ്റ് ജയിച്ചില്ലെങ്കിൽ ഇന്ത്യ ബോർഡർ- ഗവാസ്‌ക്കർ ട്രോഫി കൈവിടും.

സെപ്തംബറിൽ ബംഗ്ലാദേശിനെതിരായ ഹോം ടെസ്റ്റ് പരമ്പര മുതൽ ബാറ്റർമാർ എങ്ങനെ പരാജയപ്പെടുന്നുവെന്ന് ഗംഭീർ ചർച്ച ചെയ്തു. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി , ഋഷഭ് പന്ത് എന്നിവർ ഓസ്‌ട്രേലിയക്ക് എത്രയാ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് അനാവശ്യമായി വലിച്ചെറിയുക ആയിരുന്നു.

ഡ്രസ്സിംഗ് റൂമിൽ കാര്യങ്ങൾ എല്ലാം നന്നായിട്ടല്ല മുന്നോട്ട് പോകുന്നത് എന്നാണ് റിപ്പോർട്ട്. ചേതേശ്വർ പൂജാരയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീർ ആവശ്യപ്പെട്ടെങ്കിലും സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തിൻ്റെ അപേക്ഷ നിരസിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയാണ് സീനിയർ താരങ്ങളിൽ ഏറ്റവും അധികം വിമർശനം കേൾക്കുന്നത്.