മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, സഹായം വാഗ്‌ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന് ; അടുത്ത ഘട്ടം നാലാം തിയതി

മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. ഉച്ചക്ക് 12 . 30 ന് തുടങ്ങുന്ന യോഗത്തിൽ കർണാടക സർക്കാർ പ്രതിനിധി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്ക് എല്ലാം ചർച്ചയിൽ ക്ഷണം ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിനേയും കർണാടക സർക്കാർ പ്രതിനിധി എന്നിവടെ കൂടാതെ രാഹുൽ ഗാന്ധിയുടെ പ്രതിനിധി, ഡി.വൈ.എഫ്.ഐ പ്രതിനിധികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിൻറെ വിശദാംശങ്ങൾ, ടൗൺഷിപ്പിൻറേയും വീടുകളുടെയും പ്ലാൻ എന്നിവ യോഗത്തെ അറിയിക്കും.

അതി തീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തിൽ കൂടുതൽ സഹായം ലഭിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. കേന്ദ്ര മന്ദ്രാലയങ്ങളിൽ നിന്നും കൂടുതൽ തുക ആവശ്യപ്പെടും. വിദേശ സംഘടനകളിൽ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. എന്തായാലും എത്രയും വേഗം പുനരധിവാസത്തിന് വേണ്ട നടപടികൾ പൂർത്തിയാക്കുകയാണ് ഇനി സർക്കാർ ലക്ഷ്യം.  ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച.