BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ആദ്യ ഇന്നിങ്സിൽ 474 എന്ന കൂറ്റൻ സ്കോർ ആണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നിൽ കൊടുത്ത ലക്ഷ്യം. എന്നാൽ 164 റൺസ് എടുക്കുന്നതിന് മുൻപ് തന്നെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നത്തേയും പോലെ ഇത്തവണയും മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. അതിൽ താരത്തിന് നേരെ വരുന്ന വിമർശനങ്ങളും കൂടുകയാണ്.

ആദ്യ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിക്ക് ശേഷം പിന്നീട് കളിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മോശമായ പ്രകടനമായിരുന്നു ഓപണർ യശസ്‌വി ജയ്‌സ്വാൾ നടത്തിയിരുന്നത്. അഡ്‌ലെയ്ഡിലെയും, ഗാബ്ബയിലെയും ടെസ്റ്റിൽ താരം രണ്ടക്കം കടക്കുന്നതിനു മുൻപ് ജയ്‌സ്വാളിനെ പുറത്താക്കിയത് ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് ആയിരുന്നു. പന്തിന് വേഗത പോരല്ലോ എന്ന് ആദ്യ ടെസ്റ്റിൽ കളിയാക്കിയ ജയ്‌സ്വാൾ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിൽ സ്റ്റാർക്കിന്റെ പന്തിന്റെ വേഗത അറിഞ്ഞു.

എന്നാൽ ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിൽ താരം ടീമിനായി നിർണായക പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ്. 118 പന്തിൽ നിന്നായി 82 റൺസാണ് അദ്ദേഹം നേടിയത്. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ പോലെ അദ്ദേഹത്തെ പാറ്റ് കമ്മിൻസ് റൺ ഔട്ട് ആക്കുകയായിരുന്നു.

നിലവിൽ ഇന്ത്യ അപകട സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റിലും, അവസാനത്തെ ടെസ്റ്റിലും വിജയം അനിവാര്യമാണ്.