ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാടകീയ സംഭവ വികാസങ്ങൾക്കാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച താരമായിരുന്നു ഓപണർ യശസ്‌വി ജയ്‌സ്വാൾ 118 പന്തിൽ 82 റൺസ് നേടിയാണ് താരം മടങ്ങിയത്. എന്നാൽ നോൺ സ്‌ട്രൈക്കറായ വിരാട് കോഹ്‌ലിയുടെ പിഴവ് മൂലമാണ് ജയ്‌സ്വാളിന് സെഞ്ചുറി നഷ്ടമായത് എന്നാണ് ആരാധകരുടെ വാദം.
ജയ്‌സ്വാളിന്റെ പ്രകടനത്തെ പറ്റിയും, അദ്ദേഹം പുറത്തായ രീതിയെ കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കവേ മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പാഠാനും, സഞ്ജയ് മഞ്ജരേക്കറും തമ്മിൽ ലൈവിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ജയ്‌സ്വാള്‍ റണ്ണൗട്ടായതിന് പിന്നില്‍ വിരാട് കോഹ്‌ലിയുടെ പിഴവാണെന്ന് മഞ്ജരേക്കര്‍ ആരോപിച്ചപ്പോള്‍ ഇര്‍ഫാന്‍ എതിര്‍ത്ത് സംസാരിച്ചതാണ് ഇരുവരും തർക്കത്തിൽ ഏർപ്പെടാൻ കാരണമായത്. കോഹ്‌ലിയുടെ നിസാര പിഴവാണ് ജയ്‌സ്വാൾ പുറത്തായതിന് കാരണം എന്നാണ് സഞ്ജയ് ആരോപിക്കുന്നത്.
സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ:
“പന്ത് വളരെ പതുക്കെയാണ് പോയത്. അത് വളരെ റിസ്‌കുള്ള റണ്‍ തന്നെയായിരുന്നു. എന്നാലും കോഹ്ലി റണ്‍ഔട്ട് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. കോഹ്‌ലിയില്‍ നിന്നുമുണ്ടായ ഒരു മണ്ടത്തരമാണ് ജയ്‌സ്വാളിനെ പുറത്താക്കിയത്. ജയ്സ്വാളിന്റേത് തെറ്റായ തീരുമാനം ആയിരുന്നെങ്കില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ അയാള്‍ റണ്‍ഔട്ട് ആകുമായിരുന്നു” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
സഞ്ജയുടെ വാക്കുകളെ എതിർത്ത് ഇർഫാൻ പഠാൻ സംസാരിച്ചു. ബോൾ പോയിന്റ് റീജിയണിലേക്ക് പോയിരുന്നെങ്കിൽ അത് നോൺ സ്‌ട്രൈക്കറിന് അനുകൂലമായേനെ. ഇത് ശരിയായ ഉദാഹരണമല്ല എന്നാണ് സഞ്ജയുടെ വാദം. ഇത് ഉദാഹരണമല്ല എന്റെ അഭിപ്രായമാണെന്നാണ് പഠാൻ തിരിച്ച് പറഞ്ഞത്. ഒടുവില്‍ ഇത് റണ്‍ഔട്ടായാലും അല്ലെങ്കിലും ഇര്‍ഫാന്റെ വാക്കുകൾ കോച്ചിംഗ് മാനുവലില്‍ ചേര്‍ക്കേണ്ടതാണെന്ന് സഞ്ജയ് കളിയാക്കി. ഇരുവരും വാക് തർക്കത്തിൽ ഏർപ്പെട്ടത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.