BGT 2024: നിലയുറപ്പിക്കാനാകാതെ ഇന്ത്യ; പൂർണ ആധിപത്യത്തിൽ ഓസ്‌ട്രേലിയ; സമനിലയ്ക്ക് സാധ്യത

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പടയെ തകർത്തെറിയുകയാണ് കങ്കാരു പട. ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാണെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായി. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിലും പൂർണ ആധിപത്യത്തിൽ ഉള്ളത് ഓസ്‌ട്രേലിയ തന്നെയാണ്. 445 റൺസ് ആണ് അവർ ആദ്യ ഇന്നിങ്സിൽ അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. ഓപണർ യശസ്‌വി ജയ്‌സ്വാൾ 2 പന്തിൽ 4 റൺസ് നേടി പുറത്തായി. പിന്നീട് വന്ന ശുഭ്മാൻ ഗിൽ 3 ബോളിൽ 1 റൺ നേടി പുറത്തായി. ഇന്ത്യൻ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ച താരമായിരുന്നു വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ആദ്യ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരം തന്നെയാണോ ഇങ്ങനത്തെ പ്രകടനം കാഴ്ച വെക്കുന്നത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. 16 പന്തിൽ വെറും 3 റൺസ് നേടി ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് ആണ് വിരാടിന്റെ വിക്കറ്റ് നേടിയത്.

തുടർന്ന് വന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 12 പന്തിൽ 9 റൺസ് നേടി നിരാശനായി മടങ്ങി. നിലവിൽ ക്രീസിൽ നിൽക്കുന്നത് ഓപണർ കെ എൽ രാഹുൽ (33*) ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ്.

ഓസ്‌ട്രേലിയ്ക്കായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകളും, ജോഷ് ഹേസൽവുഡ്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റുകളും നേടി. മൂന്നാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കാനാണ് സാധ്യത. നിലവിൽ ഇനി രണ്ട് ദിവസങ്ങൾ മാത്രമേ മൂന്നാം ടെസ്റ്റിൽ ബാക്കിയുള്ളു.