തല്ലുകൊള്ളി കഥകളിൽ ഇല്ലാത്ത ഭുവി, റെക്കോഡ് നേട്ടം തൊട്ടരികെ

ബാറ്റ്‌സ്മാൻമാരുടെ പറുദീസയാണ് ഇന്ന് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉള്ള മിക്ക പിച്ചുകളും. ബൗളറുമാരെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു കാര്യങ്ങളും അവർക്ക് അനുകൂലമല്ല. പവർ പ്ലേ, ഫ്രീഹിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ എല്ലാം അവർക്ക് അനുകൂലമാകുമ്പോൾ ബൗളറുമാർ തല്ലുകൊള്ളികളായി മാറുന്നു.

എന്നാൽ ഈ തല്ലുകൊള്ളി കഥകളിൽ ഒന്നും ഭുവനേശ്വറിനെ കൂട്ടേണ്ട. അയാൾ ഓരോ ദിവസവും മെച്ചെപ്പെട്ട് വരുകയാണ്. പ്രീമിയർ ലീഗിൽ ഇന്ത്യൻ ബൗളറുമാരിൽ ഏറ്റവും കുറവ് റൺസ് വഴങ്ങിയ താരവും ഭുവി തന്നെ. പവർ പ്ലേയിൽ ഭുവിയെ ആക്രമിച്ച് കളിക്കാൻ ഒരു താരങ്ങളും ഇഷ്ടപ്പെടുന്നില്ല. കാരണം അയാൾ ഒരു ചാണക്യനാണ്, ഓരോ ബൗളുകൾക്കും അയാൾക്ക് ഒരു പ്ലാനുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യ തോറ്റ മത്സരത്തിൽ വെറും 13 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത് ഭുവി തിളങ്ങി. പരിക്കുകളും ഫിറ്റ്നസ് കുറവുകളും അലട്ടിയ കാലത്തുനിന്നും അയാൾ തിരിച്ചുവരികയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അദ്ദേഹത്തിന്റെ വിക്കറ്റുകളുടെ എണ്ണം 13 ആയി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രോട്ടീസിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമാകുന്നതിൽ നിന്നും 3 വിക്കറ്റുകൾ മാത്രം പിന്നിലാണ് താരം. 2021ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഡ്വെയ്ൻ ബ്രാവോയുടെയും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രിസ് ജോർദന്റെയും പേരിലാണ് നിലവിൽ ഈ റെക്കോർഡ്.

ഭുവനേശ്വർ തന്റെ ടി20 കരിയറിൽ 63 വിക്കറ്റുകൾ നേടിയിട്ടുണ്ട്, അതിൽ 33 എണ്ണം പവർപ്ലേയിലാണ്. മുൻ വെസ്റ്റ് ഇൻഡീസ് സ്പിന്നർ സാമുവൽ ബദ്‌രിയ്‌ക്കൊപ്പം ടി20യിലെ പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി ഇത് അദ്ദേഹത്തെ മാറ്റുന്നു.